നിറപറക്കെതിരായ വ്യാജ പ്രചരണത്തില്‍, അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്‌

കൊച്ചി: പ്രമുഖ കറി പൗഡര്‍ നിര്‍മ്മാതാക്കളായ നിറപറയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം.

മുന്നൂറില്‍പരം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുന്ന നിറപറയുടെ മൂന്ന് ഉല്‍പ്പന്നങ്ങളില്‍ അന്നജം അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ വിപണിയില്‍ നിന്നും തിരിച്ചെടുക്കണമെന്നുമുള്ള ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശം വളച്ചൊടിച്ച് പ്രചരണം നടത്തിയതിനെതിരെ നടപടിയാവശ്യപ്പെട്ട് നിറപറ അധികൃതര്‍ നല്‍കിയ പരാതിയാണ് നടപടിക്കായി ഡിജിപി സൈബര്‍ സെല്ലിന് കൈമാറിയത്.

അന്നജത്തെ മായമായും വിഷമായും ഇഷ്ടികപ്പൊടിയായും രാസവളമായും ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഫേസ്ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും പ്രചരിപ്പിച്ചവര്‍ക്കുമെതിരെയാണ് അന്വേഷണം.

തെറ്റായ പ്രചാരണം നടത്താന്‍ ബോധപൂര്‍വ്വം ഏതെങ്കിലും കേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടുണ്ടോയെന്നും ബിസിനസ്സ് കുടിപ്പക സൈബര്‍ പ്രചാരണത്തിന് കാരണമായിട്ടുണ്ടോയെന്നും വിശദമായി സൈബര്‍ സെല്‍ പരിശോധിക്കും.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തുടക്കത്തില്‍ വരുന്ന കമന്റുകളുടെ മറപിടിച്ചാണ് തുടര്‍ കമന്റുകളും വാര്‍ത്താ പ്രചാരണവും നടക്കുന്നത് എന്നതിനാല്‍ അന്നജത്തെ വിഷമാക്കി കമന്റിട്ടവരെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട അന്വേഷണം.

ബോധപൂര്‍വ്വം ഈ വാര്‍ത്തകള്‍ ഏതെങ്കിലും ‘കേന്ദ്രങ്ങള്‍’ പ്രമോട്ട് ചെയ്തിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേസമയം നിറപറയുടെ മല്ലിപ്പൊടിയില്‍ സ്റ്റാര്‍ച്ച് ചേര്‍ത്തിട്ടുണ്ടെന്ന് ആരോപിച്ച് ഫുഡ് സേഫ്റ്റി അധികൃതര്‍ പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകള്‍ നിറപറ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെ നടപ്പാക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഫുഡ് സേഫ്റ്റി അപ്പലേറ്റ് ട്രീബ്യൂണല്‍ മുന്‍പാകെ ഉറപ്പ് നല്‍കി. പ്രോസിക്യൂട്ടറുടെ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ മൂന്ന് കേസുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മുന്‍നിര്‍ത്തിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ അടുത്തയിടെ വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

ഇതിനെതിരെ നിറപറ നല്‍കിയ റിവ്യൂ ഹര്‍ജി ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറുടെ പരിഗണനയിലിരിക്കെയാണ് പ്രോസിക്യൂട്ടര്‍ കോടതി മുമ്പാകെ ഇത്തരമൊരു ഉറപ്പ് നല്‍കിയത്.

അധികൃതരുടെ നടപടികള്‍ ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ക്രമപ്രകാരമല്ലെന്നും കേസിന്റെ പരിഗണനാ വേളയില്‍ കോടതി നിരീക്ഷച്ചു.

Top