നിര്‍മാണത്തൊഴിലാളികളെ പി.എഫ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ നിര്‍മാണത്തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ബാധകമാക്കുന്നു. പൊതു, സ്വകാര്യ മേഖലയില്‍ വിവിധജോലികള്‍ ചെയ്യുന്ന കരാറുകാരും അല്ലാത്തവരുമായ എല്ലാ തൊഴിലാളികളെയും പി.എഫ്. പരിധിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് തൊഴില്‍വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. അതനുസരിച്ച് തുടര്‍നടപടികളെടുക്കാന്‍ കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ മേഖലാ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മാണത്തൊഴിലാളികള്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍, അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും ഇ.എസ്.ഐ. ആനുകൂല്യം നല്‍കാന്‍ അടുത്തിടെ ഇ.എസ്.ഐ. ബോര്‍ഡ് തീരുമാനിച്ചിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് നിര്‍മാണത്തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ബാധകമാക്കുന്നത്. രാജ്യത്ത് രണ്ടുകോടിയോളം നിര്‍മാണത്തൊഴിലാളികള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

നിര്‍മാണമേഖലയിലുള്ളവരെ ഇ.പി.എഫില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ വകുപ്പുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.

നിര്‍മാണത്തൊഴിലാളികളെ ഉള്‍പ്പെടുത്താനുള്ള വകുപ്പനുസരിച്ച് വളരെകുറച്ചുപേരെ നേരത്തേ ഇ.പി.എഫില്‍ ചേര്‍ത്തിട്ടുണ്ട്. തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ചെയ്ത കുടിയേറ്റതൊഴിലാളികളാണ് ഇക്കൂട്ടരില്‍ കൂടുതലും. മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ ഏതാണ്ട് ആറുശതമാനമേ ഇത് വരൂ. അവരുടെ വിഹിതത്തിന്റെ വലിയൊരുപങ്ക് അവകാശികളില്ലാതെ കിടക്കുകയാണിപ്പോള്‍.

ഇ.പി.എഫിനുകീഴിലുള്ള എല്ലാതൊഴിലാളികള്‍ക്കും ‘യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍’ (യു.എ.എന്‍.) നല്‍കാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇ.പി.എഫ്. സേവനങ്ങള്‍ ഓണ്‍ലൈനിലാക്കിയിട്ടുമുണ്ട്. ആ പശ്ചാത്തലത്തിലാണ് നിര്‍മാണമേഖലയെയും പങ്കാളിയാക്കുന്നത്.

തൊഴിലാളികള്‍ പണിസ്ഥലം ഇടയ്ക്കിടെ മാറിയാലും വിവിധ കരാറുകാരുടെ കീഴില്‍ പണിയെടുത്താലും യു.എ.എന്‍. ഉള്ളതിനാല്‍ പി.എഫ്. സേവനങ്ങള്‍ ലഭ്യമാക്കുക ബുദ്ധിമുട്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍.

കുടിയേറ്റതൊഴിലാളികള്‍ സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കാറില്ലെന്നും വിവിധ കരാറുകാരോടൊപ്പം പോകാറുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി നിര്‍മാണ വ്യവസായമേഖല അതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍, സാമൂഹിക സുരക്ഷാപദ്ധതിയില്‍നിന്ന് അവരെ മാറ്റിനിര്‍ത്തരുതെന്നും പി.എഫില്‍ ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞകൊല്ലം ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. ആ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം.

Top