നിര്‍ഭയ ഡോക്യുമെന്ററി : ബിബിസിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കരാര്‍ ലംഘനം നടന്നതായി ആരോപിച്ചാണു കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പഠനാവശ്യത്തിനെന്ന പേരിലാണു ബിബിസി തിഹാര്‍ ജയിലില്‍ ചിത്രീകരണത്തിന് അനുമതി തേടിയത്. എന്നാല്‍, ഇതു വാണിജ്യപരമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. സ്ത്രീകളുടെ അന്തസിനു കോട്ടം വരുത്തുന്ന കാര്യങ്ങളാണു ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.

ഡോക്യുമെന്ററിയുടെ വീഡിയോ നീക്കംചെയ്യാന്‍ യൂട്യൂബ് അധികൃതര്‍ക്കും നിര്‍ദേശംനല്‍കി. തുടര്‍ന്ന് യൂട്യൂബ് ഡോക്യുമെന്ററി പിന്‍വലിച്ചു. എന്നാല്‍, ഇന്ത്യയൊഴികെ എല്ലായിടത്തും യൂട്യൂബില്‍ ഡോക്യുമെന്ററി ലഭ്യമാണ്. അതിനിടെ ഡോക്യുമെന്ററിക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വനിതാസംഘടനകള്‍ രംഗത്തുവന്നു. സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തെ മഹിളാ അസോസിയേഷന്‍ നിശിതമായി അപലപിച്ചു.

അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡോക്യുമെന്ററി സംപ്രേഷണംചെയ്യുമെന്നാണ് ബിബിസി അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെതന്നെ ബിബിസി ഡോക്യുമെന്ററി സംപ്രേഷണംചെയ്തു. കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അവഹേളിക്കും വിധമാണ് കേസിലെ മുഖ്യകുറ്റവാളിയും കുറ്റവാളികളുടെ അഭിഭാഷകനും ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നത്. നിര്‍ഭയ ഡോക്യുമെന്ററി പാര്‍ലമെന്റിലടക്കം ഒച്ചപ്പാട് സൃഷ്ടിച്ചു.

കുറ്റവാളിയുടെ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനും കോടതിയുടെ വിലക്ക് നിലനില്‍ക്കെയായിരുന്നു ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.

Top