എതിരാളികളെ ആക്രമിക്കാന്‍ പാര്‍ട്ടിക്ക് ‘വജ്രായുധം’ നല്‍കിയത് വി.എസ് മാത്രം

തിരുവനന്തപുരം: സിപിഎമ്മിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും എതിരാളികളെ ആക്രമിക്കാന്‍ ‘വജ്രായുധം’ നല്‍കിയത് വി.എസ്.

കേരളത്തിന്റെ ഭാവിതന്നെ എങ്ങനെയായിരിക്കണമെന്ന് വിലയിരുത്തപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തെ തറ പറ്റിക്കാന്‍, എസ്എന്‍ഡിപി യോഗവുമായി കൂട്ടുകൂടിയ ബിജെപിയെയും സിപിഎം വോട്ട് ചോര്‍ച്ചയിലൂടെ മിന്നുന്ന വിജയം സ്വപ്‌നം കണ്ട യുഡിഎഫിനെയും പ്രതിരോധിക്കാനും ആക്രമിക്കാനും സാഹചര്യമൊരുക്കിയത് വി.എസിന്റെ ഇടപെടലുകളാണ്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപി പ്രസിഡന്റ് അമിത്ഷായുമായും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി കേരളത്തിന്റെ ഭാവി ‘മുഖ്യമന്ത്രി’യായി തിരിച്ചെത്തിയ വെള്ളാപ്പള്ളിയെയും മകനെയും പിന്നെ പൊങ്ങാന്‍ അനുവദിക്കാതെയാണ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ വി.എസ് ആക്രമിച്ചത്.

പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനുമെല്ലാം ഈ കൂട്ടുകെട്ടിനെ എതിര്‍ത്ത് ശക്തമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ലക്ഷ്യസ്ഥാനത്ത് നിറയൊഴിച്ചത് വി.എസ് മാത്രമാണ്.

എസ്എന്‍ഡിപി യോഗത്തിന് കീഴിലെ (എസ്എന്‍ ട്രസ്റ്റ്) നിയമനങ്ങളിലും വിദ്യാര്‍ഥി പ്രവേശനത്തിലും വാങ്ങിയ കോഴപ്പണം മുന്‍നിര്‍ത്തിയായിരുന്നു ആദ്യ ആക്രമണം, പിന്നീട് ബിജു രമേശിനെ മുന്‍നിര്‍ത്തി സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ലൈവായി നടത്തിയും ഏറ്റുപിടിച്ചും വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കി. ഇതിനുശേഷം മൈക്രോഫിനാന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട വെടിയും പൊട്ടിച്ചു.

വി.എസ് ഉയര്‍ത്തിക്കൊണ്ടുവരികയും ഏറ്റുപിടിച്ച് വിവാദമാക്കുകയും ചെയ്ത ഈ വിഷയങ്ങളാണ് എസ്എന്‍ഡിപി -ബിജെപി കൂട്ടുകെട്ടിനെ ഉലച്ചത്. ബിജെപിയുമായി ധാരണയില്ലായെന്നുവരെ പറയേണ്ട ഗതികേടിലായി വെള്ളാപ്പള്ളി.

മൈക്രോ ഫിനാന്‍സ് വിവാദം എസ്എന്‍ഡിപി യോഗത്തിന്റെ ശാഖകളില്‍ സംഘര്‍ഷത്തിലേക്കു പോയതും പുതുമയുള്ള കാഴ്ചയായി. അടൂരിലും തൃശൂരിലുമൊക്കെ യോഗം പ്രവര്‍ത്തകര്‍ തന്നെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങി.

അടൂരിലെ കുടുംബ സംഗമത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് സ്ത്രീകളുടെ പ്രതിഷേധം മുന്‍നിര്‍ത്തി യോഗസ്ഥലത്തേക്ക് പോകുവാന്‍ പോലും കഴിഞ്ഞില്ല.

വെള്ളാപ്പള്ളിയുമായുള്ള ബന്ധം ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകളെ പോലും ബാധിക്കുമോ എന്ന ആശങ്ക ബിജെപി നേതൃത്വത്തിനിടയില്‍ പോലും സൃഷ്ടിക്കാന്‍ വി.എസിന്റെ നേതൃത്വത്തിലുള്ള ഈ ആക്രമണങ്ങള്‍ക്ക് കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

ബീഫ് വിവാദത്തില്‍ പശു മാതാവാണെങ്കില്‍ കാള ആരാണെന്ന് ചോദിച്ച വി.എസിന്റെ നടപടി ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും ചര്‍ച്ച ചെയ്യപ്പെട്ടതും ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരുന്നത്.

ഒടുവില്‍ പ്രതിപക്ഷ വോട്ട് ഭിന്നതയിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം മുന്നില്‍ക്കണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോയ യുഡിഎഫിനും കിട്ടി എട്ടിന്റെ പണി.

ബാര്‍ കോഴ കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ വിജിലന്‍സ് കോടതിയില്‍ വി.എസ് ഉള്‍പ്പെടെ നിരവധി പേര്‍ ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും വി.എസ് നല്‍കിയ ഹര്‍ജിയിലെ വാദമുഖങ്ങളാണ് പ്രോസിക്യൂഷനെ പ്രതിക്കൂട്ടിലാക്കിയത്.

മാണിക്ക് കൈക്കൂലി നല്‍കിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിയും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി യുഡിഎഫിന് കിട്ടിയ ഓര്‍ക്കാപ്പുറത്തുള്ള വന്‍ തിരിച്ചടിയാണ്.

കോടതി ഉത്തരവ് വന്നിട്ടും മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിനില്‍ക്കുന്ന മന്ത്രി മാണിക്കും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ വന്‍ പ്രചാരണമാണ് സംസ്ഥാന വ്യാപകമായി ഇടതുമുന്നണി അഴിച്ചുവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നടക്കുന്ന മലബാര്‍ മേഖലയില്‍ പര്യടനം നടത്തുന്ന വി.എസ് ഇടത് അണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചാണ് കോടതിവിധി ആഘോഷിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി മികച്ച വിജയം നേടിയാല്‍ അതില്‍ ഈ 93 കാരനുള്ള പങ്ക് വളരെ വലുതാണ്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ പ്രതിയാക്കി കേസെടുത്തതുതന്നെ വി.എസ് നല്‍കിയ പരാതിയിലാണ്.

പ്രസംഗവും പ്രവൃത്തിയും മാത്രമല്ല തന്ത്രങ്ങളും ഇടപെടലുകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വിജയഗതികള്‍ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണിത്.

Top