നിയമസഭയ്ക്കകത്ത് യുദ്ധസമാന അന്തരീക്ഷം; സ്പീക്കറുടെ കമ്പ്യൂട്ടറും കസേരയും തകര്‍ത്തു

തിരുവനന്തപുരം: ശക്തമായ പ്രതിപക്ഷ പ്രക്ഷോഭത്തില്‍ നിയമസഭ വിറച്ചു. യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു സഭയ്ക്കകത്ത്. സ്പീക്കറുടെ ചേംബറിലേക്ക് ഇരച്ചു കയറിയ പ്രതിപക്ഷം കസേരയും കമ്പ്യൂട്ടറും പ്രതിപക്ഷം തകര്‍ത്തു.

പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ കയ്യേറ്റം നടന്നു. ഒമ്പത് എംഎല്‍എമാര്‍ക്ക് സംഘര്‍ഷക്കില്‍ പരിക്കേറ്റു. വനിതാ എംഎല്‍എമാര്‍ സഭയ്ക്കകത്ത് കുഴഞ്ഞു വീണു. ജമീല പ്രകാശത്തെ ശിവദാസന്‍ നായര്‍ തള്ളിയിട്ടു. കെ.കെ ലതിക, ഗീതാ ഗോപി തുടങ്ങിയവര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ.അജിത് എംഎല്‍എ തളര്‍ന്നു വീണു. തോമസ് ഐസക്കിനെയും എം.എ ബേബിയെയും തള്ളിയിട്ടു. അഞ്ച് എംഎല്‍എമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഭയ്ക്കകത്ത് പ്രതിഷേധം നടക്കുമ്പോള്‍ തന്നെ സഭയ്ക്ക് പുറത്തും സമാനമായ അന്തരീക്ഷമായിരുന്നു. ഇടതു മുന്നണി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സഭയ്ക്ക പുറത്തും സംഘട്ടനമുണ്ടായി. സമരക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

രാവിലെ 8.50ന് മാണി, പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞില്ല. സ്പീക്കറുടെ പ്രവേശന കവാടം വഴി മാണി സഭയിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം തടഞ്ഞു. തുടര്‍ന്ന് മാണി മുറിയിലേക്ക് മടങ്ങിപ്പോയി. പിന്നാലെ സ്പീക്കര്‍ എന്‍.ശക്തന്‍ സഭയിലേക്കെത്തി. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ വിട്ടുപോയി. ഉടന്‍ തന്നെ സ്പീക്കറുടെ കസേര പ്രതിപക്ഷം മറിച്ചിടുകയും കംപ്യൂട്ടറും മൈക്കും തകര്‍ക്കുകയുമായിരുന്നു.

Top