വി.എസ്- സുധീരന്‍ സ്വപ്ന പോരാട്ടത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് വേദിയാകുമോ?

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസും വി.എം സുധീരനും ഏറ്റുമുട്ടുമോ? സ്വപ്ന തുല്യമായ ഈ മത്സര സാധ്യതയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

പൊതു സമൂഹത്തിനിടയിലെ മികച്ച പ്രതിച്ഛായയും നിലപാടുകളിലെ കാര്‍ക്കശ്യവും ഇരുനേതാക്കളുടെയും സാധ്യത വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഈ നിഗമനം.

വി.എസിന് സിപിഎമ്മിലും സുധീരന് കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയിലുമുള്ള എതിര്‍പ്പ് ഇരു പാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം വഴിമാറുമോയെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ഇപ്പോഴത്തെ ചര്‍ച്ച.

കോണ്‍ഗ്രസിനും സിപിഎമ്മിനും കേരളത്തില്‍ അധികാരം പിടിക്കുക എന്നത് അഭിമാനത്തിന്റെ മാത്രമല്ല നിലനില്‍പ്പിന്റെ കൂടി ആവശ്യമായതിനാല്‍, ജനപ്രിയ നേതാക്കളെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്ര നേതൃത്വങ്ങള്‍ നിര്‍ബന്ധിതമാകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.

വി.എസ് അചത്യുതാനന്ദന് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടിയിലെ കരുത്തെങ്കില്‍ വി.എം സുധീരന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പിന്‍തുണയാണ് നിര്‍ണ്ണായകമാവുക.

സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന് ശേഷം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയതും മൂന്നാര്‍ സമരഭൂമിയിലിറങ്ങി താരമായതുമാണ് 93-ാം വയസ്സിലും വി.എസിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

ഈഴവ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി അരുവിക്കര മോഡല്‍ നേട്ടം ലക്ഷ്യമിടുന്ന ബിജെപി പിടിക്കുന്ന വോട്ടുകള്‍, യുഡിഎഫിന് ഭരണ തുടര്‍ച്ചക്ക് വഴിയൊരുക്കുമോയെന്ന ആശങ്ക സിപിഎം കേന്ദ്ര നേതൃത്വത്തിനുമുണ്ട്.

എസ്എന്‍ഡിപി യോഗം നിലപാട് പലവട്ടം മാറ്റിപ്പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അവര്‍ ബിജെപിയെ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം കരുനീക്കം. ഈ സാഹചര്യത്തിലാണ് വി.എസിനെ തന്നെ തുറുപ്പ് ചീട്ടായി സിപിഎം രംഗത്തിറക്കുമെന്ന അഭ്യൂഹം ശക്തമാകുന്നത്.

മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരം പാര്‍ട്ടിക്ക് ക്ഷീണമായെങ്കിലും ഒന്‍പത് മണിക്കൂര്‍ സമരക്കാര്‍ക്കൊപ്പം കുത്തിയിരുപ്പ് നടത്തി വി.എസ് ‘താരമായതിനാല്‍’ അദ്ദേഹത്തെ മുന്‍നിര്‍ത്തുന്നത് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന നിലപാട് ഘടകക്ഷിയായ സിപിഐക്കുമുണ്ട്.

ആര്‍ക്കും ഭരണ തുടര്‍ച്ച നല്‍കാത്ത കേരളത്തിന്റെ ചരിത്രം പ്രതിപക്ഷ വോട്ട് ഭിന്നതയില്‍ യുഡിഎഫിന് മാറ്റിയെഴുതാന്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ അധികാരത്തിലെത്തുക എളുപ്പമാകില്ലെന്ന തിരിച്ചറിവും മുതിര്‍ന്ന സിപിഎം നേതാക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

പാര്‍ട്ടി വിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് വി.എസിനെതിരെ പി.ബി കമ്മീഷന്‍ നടത്തുന്ന അന്വേഷണം ‘ശാസന’യില്‍ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സീതാറാം യെച്ചൂരിക്കും ഉള്ളതത്രെ.

അധികാരത്തിലെത്തിയാല്‍ പിന്നീട് പിണറായി വിജയന് മുഖ്യമന്ത്രിയാകാന്‍ അവസരമുളളതിനാല്‍ സംസ്ഥാന ഘടകം കടുത്ത എതിര്‍പ്പുമായി രംഗത്ത് വരാന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. മറിച്ച് വി.എസിനെതിരെ ‘കടുത്ത’ നിലപാട് തുടരുകയാണെങ്കില്‍ പ്രതിപക്ഷ വോട്ട് ഭിന്നതയിലല്ല, വി.എസ് അനുകൂല സഹതാപമാകും ഇടത് മുന്നണിയുടെ അടിത്തറ ഇളക്കുകയെന്നാണ് അവരുടെ വാദം.

വി.എസ് വീണ്ടും അങ്കത്തിനിറങ്ങുമെന്ന സൂചന തന്നെയാണ് വി.എം സുധീരന്റെ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നത്. മൂന്നാറിലെ സമരക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ ടാറ്റ കൈവശപ്പെടുത്തിയ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട് 16000 ഏക്കര്‍ ഭൂമി അടുത്ത ഇടതുമുന്നണി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വീതംവച്ച് നല്‍കുമെന്ന് വി.എസ് പ്രഖ്യാപിച്ചത് ‘ഭാവി നീക്കത്തിന്റെ’ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇടത് വോട്ട് ബാങ്കില്‍ ബിജെപിക്കോ എസ്എന്‍ഡിപി യോഗത്തിനോ വിള്ളലുണ്ടാക്കാന്‍ വി.എസ് നായകനായാല്‍ എളുപ്പം സാധിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അരുവിക്കരയില്‍ ജയിച്ച് കയറിയത് മുഖ്യമന്ത്രിയുടെയോ ആഭ്യന്തര മന്ത്രിയുടേയോ മിടുക്ക് കൊണ്ടല്ലെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ളവര്‍. അന്തരിച്ച മുന്‍ സ്പീക്കര്‍ കാര്‍ത്തികേയന്റെ മകനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സുധീരന്റെ തീരുമാനമാണ് ഇതില്‍ വഴിത്തിരിവായതെന്നാണ് രാഹുല്‍ ഗാന്ധിയും വിശ്വസിക്കുന്നത്.

യുവാക്കളെയും സ്ത്രീകളെയും മുന്‍നിര്‍ത്തി നേട്ടംകൊയ്യുകയെന്ന രാഹുലിന്റെ തന്ത്രം തന്നെയാണ് ഇക്കാര്യത്തില്‍ സുധീരനുമുള്ളത്.

നിലവിലെ സാഹചര്യത്തില്‍ മൂന്നാര്‍ സമരം നല്‍കിയ ഗ്ലാമര്‍ മികവോടെ വി.എസ് ഇടതുപക്ഷത്തെ നയിക്കുകയാണെങ്കില്‍ മികച്ച പ്രതിച്ഛായയുള്ള വി.എം സുധീരനോ എ.കെ ആന്റണിയോ യുഡിഎഫിന്റെ നായകനാവുകയാണ് അഭികാമ്യമെന്നാണ് ഹൈക്കമാന്റ് വികാരം

ആന്റണി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാത്തതിനാല്‍ നറുക്ക് സുധീരന് വീഴുമെന്ന ഭീതി കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുമുണ്ട്.

പുന: സംഘടന ഇപ്പോള്‍ വേണ്ടെന്ന എ-ഐ ഗ്രൂപ്പുകളുടെ ആവശ്യം തള്ളി തീരുമാനമെടുക്കാനുള്ള അധികാരം സുധീരന് വിട്ടുകൊടുത്ത രാഹുല്‍ നടപടി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ നായകന്റെ കാര്യത്തിലും ആവര്‍ത്തിച്ചാല്‍ അത് സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് തന്നെ അന്ത്യം കുറിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ തദ്ദേശ തെരഞ്ഞെടുപ്പ് വിധിക്ക് ശേഷം അറിയാന്‍ പറ്റുമെന്നതിനാല്‍ രാഷ്ട്രീയ കേരളവും ഇപ്പോള്‍ ആകാംക്ഷയിലാണ്.

വി.എസ്-വി.എം സുധീരന്‍ സ്വപ്ന പോരാട്ടത്തിന് വഴിയൊരുങ്ങിയാല്‍ അത് സംസ്ഥാനം ഇന്നുവരെ കാണാത്ത തീ പാറുന്ന പോരാട്ടത്തിനാണ് വഴി തുറക്കുക. ഇരുമുന്നണികളും തമ്മിലുള്ള ആശയപരമായ പോരാട്ടം എന്നതിലുപരി ഇരു നേതാക്കളുടെയും പ്രതിച്ഛായകള്‍ തമ്മിലാവും മാറ്റുരക്കുക.

Top