നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ്‌ മോഡി കേരളത്തിന്‌ കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബീഹാര്‍ മോഡല്‍ ‘കേന്ദ്ര പാക്കേജ്’ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് സൂചന.

വലിയ സംസ്ഥാനമായ ബീഹാറിന് നല്‍കിയ പരിഗണനയുടെ അത്ര വരില്ലെങ്കിലും കേരള പാക്കേജ് മോശമാകില്ലന്നാണ് ലഭിക്കുന്ന വിവരം.

ഇക്കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധിയെഴുത്തിന് ശേഷം ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിലെ ധാരണ.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന അടുത്ത മോഡി സര്‍ക്കാരിന്റെ ബജറ്റില്‍ കേരളം ‘പിടിക്കാനായി’ വിപുലമായ പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നത്.

ആരോഗ്യം, ഊര്‍ജ്ജം, ടൂറിസം, റെയില്‍വേ-റോഡ്-ഷിപ്പിംഗ് തുടങ്ങിയ അടിസ്ഥാന മേഖലകള്‍, കാര്‍ഷികരംഗം, പിന്നോക്കക്ഷേമം, വിദ്യാഭ്യാസ രംഗം എന്നിവയ്ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നത്.

ബീഹാറിന് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 1,65,00000 കോടി രൂപയുടെ കേന്ദ്ര പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഈ പാക്കേജില്‍ ഊന്നിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ ബീഹാറില്‍ നടക്കുന്നത്.

ബീഹാറിന് പ്രത്യേക പാക്കേജ് നല്‍കിയതിനെതിരെ ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത് വന്നിരുന്നെങ്കിലും കേരളത്തില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനെ ആര്‍എസ്എസ് എതിര്‍ക്കില്ലെന്നാണ് സൂചന.

രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവുമധികം ശാഖകളും സംഘടനാ അടിത്തറയുമുള്ളത് കേരളത്തിലാണ്.

തദ്ദേശ സ്വയംഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് എസ്എന്‍ഡിപി യോഗവുമായുള്ള സഖ്യത്തിന് ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം തന്നെ മുന്‍കൈ എടുത്തതിനാല്‍ ‘കേന്ദ്ര പാക്കേജിലും’ ആര്‍എസ്എസ് ഇടപെടല്‍ ഉണ്ടാകാനാണ് സാധ്യത.

കേന്ദ്രഭരണത്തിന്റെ ആനുകൂല്യം കൂടുതലായി ലഭിക്കാനും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും മൂന്നാം ബദല്‍ അധികാരത്തില്‍ വരണമെന്ന താല്‍പര്യം വോട്ടര്‍മാരില്‍ സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര ബജറ്റിലെ പ്രത്യേക പരിഗണന വഴി ബിജെപി നേതൃത്വവും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്.

Top