നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഖ്യം സാധ്യമെന്ന് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഖ്യം സാധ്യമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്പരം ആക്രമിച്ച എത്രയോ പാര്‍ട്ടികള്‍ പിന്നീട് സഹകരിച്ചിരിക്കുന്നു. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

എസ്എന്‍ഡിപി രൂപം നല്‍കുന്ന പാര്‍ട്ടിയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപി സഖ്യം 30 സീറ്റുവരെ നേടും. തങ്ങളുടെ അജണ്ട അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോഫിനാന്‍സ് അഴിമതി തെളിയിക്കാന്‍ വി.എസ്. അച്യുതാനന്ദനെ വെള്ളാപ്പള്ളി നടേശന്‍ വെല്ലുവിളിച്ചു. വിഎസിന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിക്കാം. അഴിമതി തെളിഞ്ഞാല്‍ തൂക്കുകയറില്‍ കയറാന്‍ തയാറാണ്. തെളിഞ്ഞില്ലെങ്കില്‍ വെയിലത്ത് മുട്ടില്‍ നില്‍ക്കാന്‍ വിഎസ് തയാറാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ബീഫ് രാഷ്ട്രീയം കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദാദ്രി സംഭവത്തെച്ചൊല്ലിയുള്ള വിവാദത്തിനും കേരളത്തില്‍ കാര്യമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കാര്യം മാത്രം മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top