നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം പദ്ധതി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടതുപക്ഷം നീക്കം തുടങ്ങി.

ബാര്‍ കോഴക്കേസില്‍ തട്ടി കെ.എം മാണി രാജിവച്ചതും തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുമുന്നേറ്റവും മുന്‍നിര്‍ത്തി ആര്‍എസ്പിയിലെ ഒരു വിഭാഗത്തെയും ജനതാദള്‍ (യു) വിനെയും കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തെയും മടക്കിക്കൊണ്ടുവരാനാണ് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.

ആര്‍എസ്പി യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അസംതൃപ്തരായ വിഭാഗത്തെ അടര്‍ത്തി മാറ്റാനാണ് നീക്കം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇടത് പക്ഷത്തേക്ക് മടങ്ങണമെന്ന അഭിപ്രായമാണുള്ളത്.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് മുന്നണി വിപുലീകരണ ശ്രമം നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും വോട്ടിംഗ് ശതമാനക്കണക്കില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിട്ടില്ല എന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു മത്സരം തന്നെ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

ബാര്‍ കോഴയില്‍ മാണി രാജിവച്ച പശ്ചാത്തലത്തില്‍ നേതൃതലത്തില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ ഒരു ടീമിനെ മുന്‍ നിര്‍ത്തി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യം സിപിഎം മുന്നില്‍ കാണുന്നുണ്ട്.

നിലവില്‍ സിപിഎമ്മിന് ഒപ്പമുള്ള ഇടത് ഘടക കക്ഷികളില്‍ സിപിഐയെ മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും കാര്യമായ സ്വാധീനമില്ലാത്തതിനാല്‍ ആര്‍എസ്പിയിലെ ഒരു വിഭാഗവും ജനതാദള്‍ (യു)വും മടങ്ങിവന്നാല്‍ മാത്രമേ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയൂ എന്ന ചിന്ത മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്.

സിപിഎം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ വി.എസ് തന്നെ ഈ നീക്കത്തിന് മുന്‍കൈ എടുക്കുന്നതിനെ സിപിഐയും സ്വാഗതം ചെയ്തിട്ടുണ്ട്.

മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് പിളര്‍പ്പിന്റെ വക്കിലായ ജോസഫ് വിഭാഗത്തെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെട്ട് പെട്ടെന്നുതന്നെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങിയത് അവര്‍ ഇടതുപക്ഷത്തേക്ക് മടങ്ങുമെന്ന് ഭയപ്പെട്ടാണ്.

മാണി ഗ്രൂപ്പില്‍ നിന്ന് വിട്ടാല്‍ പോലും യുഡിഎഫില്‍ ജോസഫിനും സംഘത്തിനും ബര്‍ത്ത് ഓകെയാണെന്നാണ് യുഡിഎഫ് നേതൃത്വം നല്‍കിയ ഉറപ്പ്.

കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഈ ഇടപെടലിലും കെ.സി ജോസഫ് പി.ജെ ജോസഫിന്റെ വസതിയിലെത്തി കണ്ടതിലും മാണി ഗ്രൂപ്പിന് ശക്തമായ അസംതൃപ്തിയുണ്ടെങ്കിലും സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ അവര്‍ അമര്‍ഷം കടിച്ചുപിടിച്ച് നില്‍ക്കുകയാണ്.

അഴിമതി കേസില്‍പ്പെട്ട് പുറത്തുപോകേണ്ടി വന്നതിനാല്‍ ഇനി ഇടതുപക്ഷവും ബിജെപി മുന്നണിപോലും അടുപ്പിക്കില്ല എന്നതും അന്തിമ കുറ്റപത്രത്തില്‍ കുരുക്ക് മുറുകാതിരിക്കാനും ഉദ്ദേശിച്ചാണ് താല്‍ക്കാലികമായ ഈ സംയമനം.

ബാര്‍കോഴ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രധാന പ്രചരണായുധമാവുമെന്നതിനാല്‍ അതിന് മുമ്പ് അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയും അതില്‍ മാണി കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്താല്‍ മാത്രമേ മാണിയെ സംബന്ധിച്ചും കേരള കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും പിടിച്ചുനില്‍ക്കാന്‍ പറ്റുകയുള്ളൂ.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണ കോണ്‍ഗ്രസ്സിനും യുഡിഎഫ് സംവിധാനത്തിനും അനിവാര്യ ഘടകമായതിനാല്‍ ചില ‘വിട്ട് വീഴ്ചകള്‍ക്ക്’ സര്‍ക്കാരിനും തയ്യാറാവേണ്ടിവരും.

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന എസ്.പി. അടുത്ത് തന്നെ റിട്ടയര്‍ ചെയ്യുമെന്നതിനാല്‍ പകരം നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ ആരാണെന്നത് ഇക്കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. വിന്‍സന്‍ എം പോള്‍ നവംബര്‍ 30-ന് വിരമിക്കുന്ന ഒഴിവില്‍ വരുന്ന പുതിയ വിജിലന്‍സ് ഡയറക്ടറുടെ തീരുമാനങ്ങളും അതീവ പ്രാധാന്യമുള്ളതായതിനാല്‍ ഈ രണ്ട് തസ്തികകളിലും ആരെയാണ് സര്‍ക്കാര്‍ നിയമിക്കാന്‍ പോകുന്നത് എന്നതാണ് നിയമവിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

മുപ്പത്തിയഞ്ച് വര്‍ഷത്തോളം ഔദ്യോഗിക ജീവിതത്തില്‍ കാത്തുസൂക്ഷിച്ച സത്യസന്ധനെന്ന ഇമേജ് ബാര്‍ കോഴക്കേസില്‍ തട്ടി വിന്‍സന്‍ എം പോളിന് നഷ്ടപ്പെട്ടതിനാല്‍ ഇനി ഇത്തരമൊരു സാഹചര്യമുണ്ടാക്കാന്‍ മാറിവരുന്ന ഏത് ഉദ്യോഗസ്ഥന്‍ തയ്യാറാവുമെന്നതും പ്രസക്തമായ ചോദ്യമാണ്.

സര്‍ക്കാരിന്റെ അവസാന കാലയളവ് ആയതിനാലും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം തിരിച്ചടി നേരിട്ടതിനാലും ഒരു ‘സാഹസത്തിനും’ പോലീസിലെയും വിജിലന്‍സിലെയും ഉദ്യോഗസ്ഥര്‍ ഇനി തയ്യാറാവില്ലെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആര്‍എസ്പിയിലെ പ്രബല വിഭാഗത്തെയും ജനതാദള്‍ (യു) വിനെയും മുന്നണിയിലെടുക്കുകയും കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിനുമേല്‍ സമ്മര്‍ദ്ദം തുടരാനുമാണ് സിപിഎമ്മിന്റെ നീക്കം. മധ്യ കേരളത്തില്‍ കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നിര്‍ണ്ണായകമായതിനാലാണ് ജോസഫ് ഗ്രൂപ്പിനെ ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം തന്നെ മന്ത്രി കെ ബാബുവിനെതിരെ ഉയര്‍ന്ന കോഴ ആരോപണം മുന്‍ നിര്‍ത്തി ശക്തമായി മുന്നോട്ട് പോകാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

Top