നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസ; ടെലഗ്രാമിനെതിരെ പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: ടെലഗ്രാം ആപ്പിനെതിരെ പൊലീസ് ഹൈക്കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം. ആപ്പിന്റെ ഉപയോക്താക്കളെ കണ്ടുപിടിക്കാനാകില്ലെന്നും ഉടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ടെലഗ്രാം ആപ് നിയമവിരുദ്ധമെന്നും ഇത് നിയന്ത്രിക്കാന്‍ നടപടി വേണമെന്നും പൊലീസ്. ഈ ആപ്പിലൂടെ നിയമ വിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. രാജ്യത്ത് ടെലഗ്രാം മൊബൈല്‍ ആപ്പിന്റെ നിരോധനമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

ടെലഗ്രാം ആപ്പിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് തടയാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് തിരുവമ്പാടി സ്വദേശിനി അഥീന സോളമനാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

ടെലഗ്രാം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പറുദീസയെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ഇത് രഹസ്യ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ തന്നെ ടെലഗ്രാം ആപ്പിന് പ്രാദേശിക നിയമങ്ങള്‍ ബാധകമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ടെലഗ്രാമിന് അനുമതി നല്‍കിയവര്‍ തന്നെ ആപ്പിനെ നിയന്ത്രിക്കണം. ഇതിന്റെ ഉപയോക്താക്കളെ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രധാന പ്രശ്‌നം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താന്‍ ആപ് ഉടമകള്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

2013ല്‍ റഷ്യയില്‍ ആരംഭിച്ച ടെലഗ്രാം ആപ്പിന് ഇന്ത്യയില്‍ ലൈസന്‍സോ അനുമതിയോ ഇല്ല. റഷ്യയിലെ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് പോലും പിടികൂടാനാകാത്ത തരത്തിലാണ് ടെലഗ്രാം ആപ് നിര്‍മ്മിച്ചത്. ടെലഗ്രാമിലൂടെ അശ്ലീല ദൃശ്യങ്ങള് പ്രചരിപ്പിക്കുന്നവരെ പിടികൂടാന് കഴിയാത്ത സാഹചര്യമുണ്ടെന്നും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു തടയുന്നതിന് നടപടി വേണമെന്നും ആപ്പ് നിരോധിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരുന്നു.

Top