നിയമത്തിന് അതീതരാണോ ജഡ്ജിമാര്‍… ? സുപ്രീംകോടതി വിധി വന്‍ വിവാദത്തിലേക്ക്‌

ന്യൂഡല്‍ഹി: ജഡ്ജിമാരുടേയും കുടുംബാംഗങ്ങളുടേയും ചികിത്സയ്ക്ക് ചെലവാകുന്ന തുക എത്രയെന്ന് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന സുപ്രീംകോടതി വിധി വിവാദമാകുന്നു.

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ചികിത്സാ ചെലവ് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ജഡ്ജിമാരുടെയും കുടുംബാംഗങ്ങളുടേയും ചികിത്സയ്ക്ക് ചെലവാകുന്ന തുക കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു കൊടുക്കുന്ന സംവിധാനം നിലവിലുണ്ട്. ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ജഡ്ജിമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്.

‘എല്ലാവരുടേയും സ്വകാര്യത മാനിക്കണമെന്നും ഒരിക്കല്‍ ഇത്തരം വിവരങ്ങള്‍ പുറത്തു വിട്ടാല്‍ മറ്റു കാര്യങ്ങളെ കുറിച്ചും ചോദ്യം ഉയരും. ഇന്ന് ചെലവിനെ കുറിച്ച് ചോദിച്ചയാള്‍ നാളെ മരുന്നുകള്‍ ഏതൊക്കെയാണെന്ന് അന്വേഷിക്കും. അസുഖം എന്താണെന്നായിരിക്കും അടുത്ത ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ പിന്നീട് തുടര്‍ന്നു കൊണ്ടിരിക്കും’ ദത്തു ചൂണ്ടിക്കാട്ടി.

ഹര്‍ജിക്കാരനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ആണ് ഹാജരായത്. പൊതുപണം ഏത് തരത്തില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ഭൂഷണിന്റെ വാദം കോടതി തള്ളി.

അതേസമയം ഭരണഘടനയുടെ കാവല്‍പദവിയുള്ള രാഷ്ട്രപതിയുടെ സ്വത്തുവിവരങ്ങളും യാത്രാവിവരങ്ങളടക്കം വിവരാവകാശ നിയമപ്രകാരം നല്‍കുമ്പോഴാണ് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്നത്.

എന്നാല്‍ നിയമനിര്‍മ്മാണ സഭയായ പാര്‍ലമെന്റിലെ അംഗങ്ങള്‍ക്കില്ലാത്ത പദവി ജുഡീഷ്യറി സ്വയം നേടിയെടുക്കുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം.

പൊതുപണം ഉപയോഗിച്ചു നടത്തുന്ന ചികിത്സയുടെ ചെലവ് അറിയാനുള്ള അവകാശം നിഷേധിക്കുന്നത് ഭാവിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള ഭരണകൂടനീക്കങ്ങള്‍ക്ക് തുണയാകുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

Top