യുഡിഎഫ് മുന്നണി സംവിധാനം തകര്‍ക്കാന്‍ സിപിഐ (എം) ‘മാസ്റ്റര്‍ പ്ലാന്‍’ തയ്യാറാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണി അടിത്തറ വിപുലമാക്കാന്‍ സി.പി.എം പദ്ധതി തയ്യാറാക്കന്നു.

ആഗസ്റ്റ് 11 ന് കാസര്‍ഗോഡ് മുതല്‍ രാജ്ഭവന്‍വരെ നടക്കുന്ന ജനകീയ പ്രതിരോധ സമരത്തിനുശേഷം മുന്നണി വിപുലീകരണത്തിനുള്ള സാധ്യമായ മാര്‍ഗ്ഗങ്ങള്‍ തേടാനാണ് സി.പി.എം നീക്കം.

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയെച്ചൊല്ലി കോണ്‍ഗ്രസ്സുമായി ഉടക്കി നില്‍ക്കുന്ന ആര്‍.എസ്.പിയിലെ ഒരു വിഭാഗത്തിനെയെങ്കിലും അടര്‍ത്തിമാറ്റി ഇടത് മുന്നണിയുടെ ഭാഗമാക്കാനാണ് പ്രധാന ആലോചന.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പി.വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് ഉത്തരവാദികളായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്ത പശ്ചാത്തലത്തില്‍ ജനതാദള്‍ (യു)വും ഇടത് മുന്നണിയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന്റെ ഭരണ തുടര്‍ച്ചയ്ക്ക് സാധ്യത വര്‍ദ്ധിപ്പിച്ചതായ പ്രചരണത്തില്‍പ്പെട്ട് യു.ഡി.എഫില്‍ നിന്നും പുറത്തുവരാന്‍ മടിച്ചുനില്‍ക്കുന്ന പഴയ ഘടക കക്ഷികള്‍ക്ക് ആഗസ്റ്റ് 11 ന് നടക്കുന്ന ജനകീയ പ്രതിരോധം ആത്മവിശ്വാസം നല്‍കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്കിടയില്‍ ശക്തമാവുന്ന ചേരി തിരിവുകളാണ് നേരത്തെ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നിഷേധിച്ചതിന് പിന്നിലെന്ന വികാരമാണ് ആര്‍.എസ്.പിക്കുള്ളത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഉറപ്പ് തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി പാലിക്കാത്തതില്‍ ഒരു വിഭാഗം ആര്‍.എസ്.പിനേതാക്കള്‍ കുപിതരാണ്.

ബി.ജെ.പി-വെള്ളാപ്പള്ളി സഖ്യം സി.പി.എമ്മിന്റെ പരമ്പരാഗതമായ ഈഴവ വോട്ടുകള്‍ ചോര്‍ത്തുകയും ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ഭരണ തുടര്‍ച്ചയുണ്ടാവുമെന്ന അഹങ്കാരത്തിലാണ് ഘടകക്ഷികളെ യു.ഡി.എഫ് നേതൃത്വം തഴയുന്നതെന്ന വികാരമാണ് ആര്‍.എസ്.പിക്ക് പുറമെ ജനതാദളിനുമുള്ളത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി മികച്ച വിജയം നേടിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം പോകണമെന്ന അഭിപ്രായമാണ് ഇരു പാര്‍ട്ടികളിലെയും ഭൂരിപക്ഷ നേതാക്കള്‍ക്കുമുള്ളത്.

കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പില്‍ ലയിച്ചത് സംഘടനാപരമായി ചരിത്രപരമായ ‘മണ്ടത്തരമായെന്ന്’ വിലയിരുത്തുന്ന കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗത്തിലെ പ്രധാന നേതാക്കളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിധിയാണ് ഉറ്റുനോക്കുന്നത്.

മുന്‍ ഇടുക്കി എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് അടക്കമുള്ള മുന്‍നിര നേതാക്കള്‍ക്ക് ഇപ്പോഴും സി.പി.എം നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉയര്‍ത്താനിടയുള്ള വെല്ലുവിളി അതിജീവിക്കാന്‍ 11 ലെ ജനകീയ പ്രതിരോധത്തില്‍ പരമാവധി പിന്നോക്ക വിഭാഗങ്ങളെ പങ്കെടുപ്പിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം തന്നെ സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

പിന്നോക്ക സമുദായത്തില്‍ എസ്.എന്‍.ഡി.പി യോഗത്തിനും വെള്ളാപ്പള്ളിക്കും ഒരു സ്വാധീനവുമില്ലെന്നും കച്ചവട രാഷ്ട്രീയത്തിനെതിരായ പ്രതിരോധമായി 11 ലെ സമരം മാറുമെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്.

Top