നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 26 വര്‍ഷം

മലയാള സിനിമയിലെ നിത്യഹരിതനായകന്‍ പ്രേംനസീര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 2015 ജനുവരി 16ന് 26 വര്‍ഷമാകുന്നു. 1952 ല്‍ ‘മരുമകള്‍’ എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ പ്രേംനസീര്‍ എത്രയെത്ര കഥാപാത്രങ്ങളെ അനശ്വരമാക്കിയിരിക്കുന്നു. അഭിനയ തികവില്‍ അദ്ദേഹം ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷപ ഹൃദയങ്ങളില്‍ ജീവിക്കുന്നു. ഏതാണ്ട് എഴുന്നൂറോളം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്.

1926 ഏപ്രില്‍ 7 നായിരുന്നുഅബ്ദുല്‍ഖാദര്‍ എന്ന പ്രേംനസീറിന്റെ ജനനം. സിനിമയിലെത്തിയപ്പോള്‍ ‘പ്രേംനസീര്‍’ എന്ന പേര് നല്‍കിയത് തിക്കുറിശ്ശിയായിരുന്നു. ‘മരുമകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നായകനായും ഉപനായകനായും വില്ലനായും പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രേംനസീര്‍ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

പ്രേംനസീറിന് ഏറ്റവും അനുയോജ്യമായ നായിക ഷീലയായിരുന്നു. 110ല്‍പരം ചിത്രങ്ങളില്‍ പ്രേംനസീറിനോടൊപ്പം ഷീല നായികയായി. ഒരേ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ജോഡി ചേര്‍ന്ന നായകന്‍ എന്ന ക്രെഡിറ്റും പ്രേംനസീറിന് സ്വന്തം.

പ്രേംനസീറിന്റെ ഗാനരംഗങ്ങള്‍ അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. പാടുന്ന ഗായകനൊപ്പം ഇത്രയും അനുയോജ്യമായി ലിപ് മൂവ്‌മെന്റ്‌സ് ചെയ്യുന്ന മറ്റൊരു നടനും ഇല്ലെന്നുപറഞ്ഞാലും ഒട്ടും അതിശയോക്തിയില്ല.

1988 ല്‍ റിലീസായ ‘ധ്വനി’യായിരുന്നു പ്രേംനസീര്‍ ഒടുവില്‍ അഭിനയിച്ച ചിത്രം തുടര്‍ന്ന് അദ്ദേഹത്തിന് സിനിമയില്‍ തുടര്‍ന്നും അദ്ദേഹത്തിന് സിനിമയില്‍ തുടരാമായിരുന്നുവെങ്കിലും രാഷ്ട്രീയ പ്രവേശനത്തിനുള്ള ചില ഒരുക്കങ്ങള്‍ നടത്തിവരുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ആ മോഹം പൂവണിയും മുമ്പേ കാലയവനികക്കുള്ളില്‍ മറഞ്ഞു….

Top