നാല് ജനാധിപത്യ പ്രക്ഷോഭകര്‍ ഹോങ്കോംഗില്‍ അറസ്റ്റില്‍

ഹോങ്കോംഗ്: ജനാധിപത്യപ്രക്ഷോഭത്തിലേര്‍പ്പെട്ട നാല് പേരെ ഹോങ്കോംഗ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി ഒരു സംഘം ആളുകള്‍ നഗരത്തിലെ നിയമസഭാ മന്ദിരത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരം കൈയടക്കിയ ജനാധിപത്യ പ്രക്ഷോഭകാരികളെ ഇവിടെ നിന്ന് ഒഴിപ്പിക്കണമെന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. ഈ വിധി പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖം മൂടി ധരിച്ചും കുട ചൂടിയും പ്രക്ഷോഭത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ പോലീസ് കുരുമുളക് സ്‌പ്രേയും ലാത്തിയും പ്രയോഗിച്ചു.

സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിയമസഭാ മന്ദിരത്തിന്റെ ചില്ലുഗ്ലാസുകള്‍ പ്രക്ഷോഭകാരികള്‍ മെറ്റല്‍ ബാരിക്കേഡുകളും കോണ്‍ക്രീറ്റ് സ്ലാബുകളും ഉപയോഗിച്ച് തല്ലിത്തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തി അറസ്റ്റ് നടപടികള്‍ സ്വീകരിച്ചത്. ജനാധിപത്യ പ്രക്ഷോഭകാരികള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴിയാണ് കൂടുതല്‍ പ്രചാരണങ്ങള്‍ നടത്തുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജനാധിപത്യപ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം, ഇന്നലെ നടന്ന ആക്രമസംഭവങ്ങളില്‍ നിന്ന് വിദ്യാര്‍ഥി സംഘടനകള്‍ മാറിനിന്നു. ഇത്തരം നടപടികളെ ന്യായീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥി നേതാവ് ജൗഷ വോംഗ് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അക്രമരഹിത പൗര സമരങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top