നാദാപുരം പീഡനം: കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബസിലെ ക്ലീനര്‍

കോഴിക്കോട്: നാദാപുരത്ത് എല്‍.കെ.ജി വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ച സ്‌കൂള്‍ ബസിലെ ക്ലീനര്‍, കുറ്റം സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പറഞ്ഞു. കുറ്റം സമ്മതിക്കണം എന്നാവശ്യപ്പെട്ട് പൊലീസ് തന്നെ മൂന്നാംമുറയ്ക്ക് വിധേയമാക്കി. യൂസുഫ്, മജീദ് എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചത്. വായില്‍ തുണിതിരുകിയ ശേഷം ഇരു കൈകളും പിറകിലേക്ക് പിടിച്ചു കെട്ടി ഏറെ നേരം മര്‍ദ്ദിച്ചതായി മുനീര്‍ പറഞ്ഞു. കുറ്റം സമ്മതിച്ചില്ലെങ്കില്‍, കപ്പിയില്‍ കയര്‍ കെട്ടി തല കീഴായി മര്‍ദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും മുനീര്‍ പറഞ്ഞു.

മര്‍ദ്ദനം പേടിച്ച് താന്‍ കുറ്റം സമ്മതിച്ചുവെന്നും ഇത് പൊലീസുകാര്‍ ക്യാമറയില്‍ പകര്‍ത്തിയതായും മുനീര്‍ പറഞ്ഞു. ആകെ ഭയന്ന അവസ്ഥയിലാണ്. ചികില്‍സക്ക് വേണ്ടി ആശുപത്രിയില്‍ പോവാന്‍ ഒരുങ്ങുകയാണെന്നും മുനീര്‍ പറഞ്ഞു.
ഇതിനിടെ അറസ്റ്റിലായ രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നിരപരാധികളാണെന്നും പ്രതി ക്ലീനര്‍ തന്നെ ആണെന്നും വാദിച്ച് സ്‌കൂള്‍ മാനേജ്‌മെന്റും രംഗത്തു വന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രതികളെന്നതിന് തെളിവു ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് കാലത്താണ് സംഭവത്തില്‍ രണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചത്. മതപഠനം കൂടി ലക്ഷ്യമിട്ട് അഗതിശാലയില്‍ താമസിച്ച് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

Top