നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: വര്‍ഗീസ് ഉതുപ്പിനെതിരേ ഗൗരവമേറിയ ആരോപണങ്ങളുമായി സിബിഐ

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസില്‍ മുഖ്യപ്രതി വര്‍ഗീസ് ഉതുപ്പിനെതിരേ ഗൗരവമേറിയ ആരോപണങ്ങളുമായി സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വര്‍ഗീസ് ഉതുപ്പിന് വിദേശ അധോലോകവുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൊടും കുറ്റവാളിയാണെന്നുമാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തെ പിടികൂടാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ വര്‍ഗീസ് ഉതുപ്പ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കോടതി സിബിഐയോടാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കൊച്ചിയിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിനും തട്ടിപ്പില്‍ പങ്കുണ്ടെന്നു സിബിഐ കണ്ടെത്തിയിട്ടുണ്ട്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു ചാനലാണു പുറത്തു വിട്ടത്.

19,500 രൂപയ്ക്കു പകരം 19 ലക്ഷത്തിലധികം രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തെന്നാണു കേസ്. ഇങ്ങനെ തട്ടിയെടുത്ത 100 കോടിയിലധികം രൂപ വിദേശത്തേയ്ക്കു കടത്തിയതായും സിബിഐ ആരോപിക്കുന്നു. വര്‍ഗീസ് ഉതുപ്പ് ഇപ്പോള്‍ കുവൈറ്റില്‍ ഒളിവിലാണ്.

Top