നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി. ജന്‍ ആക്രോശ് എന്ന പേരില്‍ നടക്കുന്ന റാലിയെ രാംലീല മൈതാനത്ത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടിയാണ് ഇന്നത്തെ റാലി. ഏകദേശം അരലക്ഷത്തോളം പേരാണ് റാലിയില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ ഏറ്റെടുത്തശേഷമുള്ള ആദ്യ മഹാറാലിയാണിതെന്ന പ്രത്യേകതയുമുണ്ട്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ് തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. ദേശീയ സുരക്ഷ, സിബിഎസ്ഇ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും റാലിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടും.

Top