നയന്‍സിന്റെ തിരിച്ചു വരവ്

തിരിച്ചു വരവെന്നാല്‍ നയന്‍താരയുടെ തിരിച്ചു വരവാണ്. 2015 നയന്‍സിന്റെ വര്‍ഷമാണെന്നു പറയാം. നയന്‍താര നായികയായ ഏഴു ചിത്രങ്ങളാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. 2014 മേയിലാണ് നടിയുടെ അവസാന ചിത്രം തിയെറ്ററില്‍ എത്തിയത്. ശേഖര്‍ കാമുല സംവിധാനം ചെയ്ത നീ എങ്കെ എന്‍ അന്‍മ്പെ തമിഴിലും തെലുങ്കിലുമായിട്ടാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം നയന്‍സിന് തിരിച്ചടികളുടെ കാലമായിരുന്നു. വ്യക്തി ജീവിതത്തിലും മറ്റും നിരവധി പ്രശ്‌നങ്ങള്‍ മലയാളി സുന്ദരിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ ഇതിലൊന്നും തളരാതെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. തമിഴിലെയും മലയാളത്തിലെയും മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമാണ് തിരിച്ചുവരവെന്നതും ശ്രദ്ധേയം.

2015ലെ ആദ്യ നയന്‍താര ചിത്രത്തിന്റെ റിലീസ് ഇന്നാണ്. ഉദയനിധി സ്റ്റാലിനൊപ്പം അഭിനയിക്കുന്ന നന്‍പേണ്ട ഇന്നു തിയെറ്ററുകളിലെത്തും. ജഗദീഷ് സംവിധാനം ചെയ്യുന്ന നന്‍പേണ്ട നിര്‍മിച്ചിരിക്കുന്നതും ഉദയനിധി സ്റ്റാലിനാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ അഭിനയിക്കാനും നയന്‍താര തിരിച്ചുവരവിനിടയില്‍ സമയം കണ്ടെത്തി. വിഷുവും അവധിക്കാലവും മലയാളിക്കൊപ്പമാണ് നയന്‍താര ആഘോഷിക്കുന്നത്. അതും മമ്മൂട്ടിക്കും സിദ്ധിക്കിനുമൊപ്പം. സിദ്ധിക്ക് തന്നെ സംവിധാനം ചെയ്ത ദീലീപ് ചിത്രം ബോഡിഗാര്‍ഡാണ് അവസാന മലയാള ചിത്രം. ബോഡിഗാര്‍ഡ് പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. തിരിച്ചുവരവ് മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമായതില്‍ വലിയ സന്തോഷമുണ്ടെന്ന് നയന്‍താര പറയുന്നു.

അമ്മ വേഷത്തിലാണ് ഭാസ്‌കര്‍ ദി റാസ്‌കലില്‍ അഭിനയിക്കുന്നതെന്നും സൂചനയുണ്ട്. വിഷു ആഘോഷിച്ച ശേഷം സൂര്യയ്‌ക്കൊപ്പമാണ് നയന്‍താര വെള്ളിത്തിരയില്‍ എത്തുക. സൂര്യ ചിത്രമായ മാസ് മേയ് ഒന്നിന് റിലീസ് ചെയ്യും. സ്ത്രീ കേന്ദ്രീകൃത സിനിമയായ മായയാണ് അടുത്ത ചിത്രം. കരിയറില്‍ ഏറെ പ്രതീക്ഷയുള്ള വേഷമാണ് മായയിലേതെന്ന് നയന്‍താര പറയുകയുണ്ടായി. പഴയ കാമുകന്‍ ചിമ്പുവിനോടൊപ്പമുള്ള ഇതു നമ്മ ആളും ഈ വര്‍ഷം തന്നെ തിയെറ്ററിലെത്തും. ജയം രവി ചിത്രമായ തനി ഒരുവനാണ് മറ്റൊരു നയന്‍സ് ചിത്രം. നാനും റൗഡി താന്‍ എന്ന ചിത്രവും ഷൂട്ടിങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കാത്തിരിക്കുകയാണ്. കൈനിറയെ ചിത്രങ്ങളാണ് നയന്‍സിനിപ്പോളുള്ളത്. വിക്രത്തിനൊപ്പം അഭിനയിക്കുന്ന ചിത്രമാണിതില്‍ പ്രധാനപ്പെട്ടത്. തെന്നിന്ത്യയുടെ താരറാണിപ്പട്ടം മറ്റാര്‍ക്കും വിട്ടു കൊടുക്കില്ലെന്ന വാശിയിലാണ് നയന്‍താര. മലയാളികള്‍ക്കും ഈ വിജയത്തില്‍ അഭിമാനിക്കാം.

Top