നയങ്ങള്‍ പഴയത് പുതിയത് പശു മാത്രം; കേന്ദ്രസര്‍ക്കാരിനെതിരെ അരുണ്‍ ഷൂരി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. സഹയാത്രികനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നതിനു പുറമെ, പശു കൂടി കടന്നുവന്നു എന്നതാണ് പുതിയ നയം. സര്‍ക്കാരിന്റെ സാമ്പത്തികനയം തലക്കെട്ടുകള്‍ക്കു വേണ്ടി മാത്രമാണെന്ന് അവര്‍പോലും വിശ്വസിക്കുന്നു. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഷൂരി കുറ്റപ്പെടുത്തി.

അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇത്രയധികം കേന്ദ്രീകരിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പക്ഷെ, ഇത്രയും ദുര്‍ബലമായ പി.എം. ഓഫിസും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങള്‍ ഇപ്പോള്‍ ഡോക്ടര്‍ സാഹിബിനെ(ഡോ. മന്‍മോഹന്‍ സിംഗ്) ഓര്‍ത്തു തുടങ്ങിയിട്ടുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍. നൈനാന്‍ എഴുതിയ ‘ടേണ്‍ ഓഫ് ദി ടോര്‍ട്ടോയിസ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വാജ്‌പേയി മന്ത്രിസഭയില്‍ മുന്‍നിര മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയുടെ വിമര്‍ശനം.

നികുതി മേഖലയില്‍ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ബാങ്കിംഗ് പരിഷ്‌കാരം ഒരു കാരണവുമില്ലാതെ ഒന്നര വര്‍ഷം നീട്ടിക്കൊണ്ടു പോയി. ആമയോടാണ് ഈ സര്‍ക്കാരിനെ ഉപമിക്കാനാവുക. അതും ഉറങ്ങിക്കിടക്കുന്ന ആമയോട്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വ്യവസായികള്‍ സത്യം പറയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന അവര്‍ എന്തെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. എന്നിട്ട് പുറത്തുവന്ന് പത്തില്‍ ഒമ്പതു മാര്‍ക്ക് സര്‍ക്കാരിനു നല്‍കുകയും ചെയ്യും.’

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Top