നടപ്പായത് മാവോയിസ്റ്റ് നേതാവിന്റെ ആഹ്വാനം? ആക്രമണ ഭീതിയില്‍ കേരളം

കൊച്ചി: സായുധ വിപ്ലവത്തില്‍ വിട്ടു വീഴ്ചയില്ലെന്നും ജനകീയ പിന്തുണയോടെ സായുധസമരം നടത്തുമെന്നുമുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖം പുറത്തുവന്ന് ചൂടാറും മുമ്പ് നടന്ന ‘കൊച്ചി ആക്രമണം’ വരാനിരിക്കുന്ന വലിയ ആക്രമണത്തിന്റെ തുടക്കമാണെന്ന ആശങ്കയില്‍ പൊലീസ്.

കേരളത്തിലെ ഇടതു പക്ഷത്തിന്റെ നിലവിലെ അവസ്ഥ മുതലെടുത്ത് തീവ്ര നിലപാടുകാരായ പ്രവര്‍ത്തകരെ ആകര്‍ഷിക്കാനും ആദിവാസികള്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ശക്തിപ്പെടുത്താനും തന്ത്രപരമായ നടപടികളാണ് മാവോയിസ്റ്റുകള്‍ സ്വീകരിക്കുന്നതെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആയുധധാരികളായ മാവോയിസ്റ്റുകളെ പിടികൂടാന്‍ നക്‌സല്‍ ബാധിത സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാതൃകയില്‍ പ്രത്യേക സായുധ സേനയെ വാര്‍ത്തെടുത്ത് കാടായ കാടുകളില്‍ തീവ്ര തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളെ ഇറക്കി അരിച്ച്‌പെറുക്കുന്നതിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും,നാവികാസ്ഥാനവും സ്ഥിതി ചെയ്യുന്ന കൊച്ചി നഗരത്തെ വിറപ്പിച്ച് നീറ്റാ ജലാറ്റിന്‍ കമ്പനി ഒഫീസ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

കൈകൊണ്ടെഴുതിയ പകര്‍പ്പെടുത്ത ലഘു ലേഖകള്‍ വിതരണം ചെയ്തും പട്ടാപകല്‍ മിന്നലാക്രമണം നടത്തിയും നഗരത്തെ വിറപ്പിച്ച സംഘം പിന്നീട് നടന്ന് പോയത് അവരുടെ ചങ്കുറപ്പാണ് കാണിച്ചത്.

മാവോയിസ്റ്റുകളെ തേടി കാട്ടില്‍ തിരച്ചില്‍ നടക്കുമ്പോള്‍ നഗരത്തിലിറങ്ങി വിറപ്പിച്ചത് വഴി കാതികൂടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനി ഉയര്‍ത്തുന്ന ഭീഷണി വീണ്ടും ചര്‍ച്ചയാകുക എന്നതിലുപരി ഇത്തരം സമരങ്ങളില്‍ തുടര്‍ന്നും ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് മാവോയിസ്റ്റുകള്‍ അധികൃതര്‍ക്ക് നല്‍കിയത്. മാവോയിസ്റ്റ് ആക്രമണം നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പ് നടന്ന പല ആക്രമണങ്ങളുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ആക്രമണത്തിനും ഏറെ സമാനതകളുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പല സമരങ്ങളും വൃത്തികെട്ട ഒത്തു തീര്‍പ്പിലാണ് അവസാനിക്കുന്നതെന്ന് പുറത്തുവിട്ട് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് സായുധ വിപ്ലവത്തിന്റെ പ്രാധാന്യം പലതവണ എടുത്ത് പറഞ്ഞിരുന്നു. സിപിഐ(മാവോയിസ്റ്റ്) രൂപീകരണത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് മാവോയിസ്റ്റ് നേതാവ് നിലപാട് കര്‍ക്കശമാക്കിയിരുന്നത്.

രൂപേഷിന്റെ ആഹ്വാനവും കൊച്ചിയിലെ കഴിഞ്ഞ ദിവസത്തെ ആക്രമണവും ബന്ധപ്പെടുത്തിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമകാരികളായ ഒമ്പതു പേരില്‍ രണ്ടുപേരുടെ മുഖത്തിന്റെ ദൃശ്യം സിസിടിവി വഴി ലഭ്യമായത് പരിശോധിച്ച അന്വേഷണ സംഘത്തിന് ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. സംസ്ഥാനത്ത് മുമ്പ് നടന്നതും ഇപ്പോള്‍ നടക്കുന്നതുമായ ജനകീയ സമരങ്ങളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നുണ്ട്. തീവ്ര ചിന്താഗതിയുള്ള പലരും ഇത്തരം സമരങ്ങളില്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

നീറ്റാ ജലാറ്റിന്‍ കമ്പനി ആക്രമിച്ച ശേഷം സംഘം വിതറിയ ലഘുലേഘയില്‍ നീറ്റാ ജലാറ്റിന്‍പോലുള്ള ജനങ്ങള്‍ക്ക് വിനാശകരമായ കമ്പനികളെ ആക്രമിച്ച് ഇന്ത്യന്‍ ഗ്രാമങ്ങളിലെ സായുധ പോരാട്ടത്തെ നമുക്ക് വ്യാപിപ്പിക്കാം എന്ന് ആഹ്വാനം ചെയ്യുന്നതോടൊപ്പം ജനകീയ സമരത്തെ ഹരിത എംഎല്‍എ വഞ്ചിച്ചു എന്നും ആരോപിച്ചിട്ടുണ്ട്.

അക്രമികളില്‍ ഹിന്ദി സംസാരിച്ചവരും ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരും സംഘത്തില്‍പ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കേരള പൊലീസിന് തിരിച്ചടിയായ ഈ സംഭവത്തിലെ പ്രതികളെ എത്രയുംവേഗം പിടികൂടി നാണക്കേട് മറക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനുംപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കണ്ടാലറിയാവുന്ന ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കെതിരെ യു.എ.പി.എ നിയമം ചുമത്തിയിട്ടുണ്ട്. രഹസ്യ കേന്ദ്രത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കേന്ദ്ര ഏജന്‍സികളും ഇതുസംബന്ധമായി സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

Top