‘ദൈവത്തിൽ നിന്നും അവർക്ക് ഒന്നും ഒളിപ്പിക്കാനാവില്ല’ ; കെ ടി ജലീലിനെതിരെ പി കെ ഫിറോസ്

മലപ്പുറം: വളാഞ്ചേരി പീഡനക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മന്ത്രി കെ ടി ജലീലിനെതിരെ ഉയര്‍ന്നതോടെ പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനവുമായി ഫിറോസ് രംഗത്ത് വന്നിരിക്കുന്നത്.

ജലീല്‍ മുമ്പ് വ്യാജമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോള്‍ തിരികെ ഉയരുകയാണ്. അഴിമതി ആരോപണത്തില്‍ രണ്ട് കോടതിയിലാണ് കേസിനെ നേരിടുന്നത്. ഇപ്പോഴിതാ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ സുഹൃത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരിക്കുന്നുവെന്നും ഫിറോസ് ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

“അവർ ജനങ്ങളിൽ നിന്നും പലതും ഒളിപ്പിക്കാൻ ശ്രമിക്കും, പക്ഷേ ദൈവത്തിൽ നിന്നും അവർക്ക് ഒന്നും ഒളിപ്പിക്കാനാവില്ല” (സൂറത്തുന്നിസാ’അ്‌ ; 4:108)

ലീഗിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീൽ കളവായി ഉന്നയിച്ചത്. ഒന്ന് അഴിമതിയും മറ്റൊന്ന് പീഢനവും. അത് രണ്ടും നിക്കക്കളളിക്ക് വേണ്ടി തട്ടി വിട്ടതാണെന്ന് പിന്നീടെല്ലാവർക്കും ബോധ്യമായി. പക്ഷേ ജലീൽ പേർത്തും പേർത്തും പറയുന്ന പടച്ചവൻ ഇതെല്ലാം കാണുന്നുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. മുമ്പ് വ്യാജമായി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇപ്പോൾ തനിക്ക് നേരെ ഉയർന്ന് വരികയാണ്. അഴിമതി ആരോപണത്തിൽ രണ്ട് കോടതിയിലാണ് കേസിനെ നേരിടുന്നത്. കൂടാതെ മൂത്താപ്പയുടെ മോന് രാജിയും വെക്കേണ്ടി വന്നു. ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ സുഹൃത്തിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരിക്കുന്നു.

ലീഗിനെതിരെ അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഇതെന്ന് പറഞ്ഞാൽ ബഹു മന്ത്രിയുടെ മറുപടിയെന്തായിരിക്കും?

പൊതുപ്രവർത്തനത്തിൽ സംശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും എതിരാളികളെ അധിക്ഷേപിക്കാനും മാത്രമല്ല ഖുർആൻ വചനങ്ങളെ കൂട്ടുപിടിക്കേണ്ടത്. വിശ്വാസ പ്രമാണങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണ്. താത്കാലിക നേട്ടങ്ങൾക്കു വേണ്ടി മതപണ്ഡിതർക്കു നേരെ വരെ അധിക്ഷേപങ്ങളും അപവാദങ്ങളും ഉയർത്തുന്നവർ മറ്റൊന്നിനെയും ഭയപ്പെട്ടില്ലെങ്കിലും ദൈവശിക്ഷയെ ഭയപ്പെടേണ്ടതുണ്ട്.

Top