ഗെയിംസില്‍ ‘നേരറിയാന്‍’ സിബിഐ; മുന്‍ പൊലീസ് മേധാവി പ്രതിക്കൂട്ടിലാകും..?

ന്യൂഡല്‍ഹി: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തേക്കുറിച്ച് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ഗെയിംസിനായി ചെലവഴിക്കുന്ന 616 കോടി രൂപയില്‍ ബഹുഭൂരിപക്ഷവും കേന്ദ്രഫണ്ടാണ് എന്നത് മുന്‍നിര്‍ത്തി സിബിഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. അഴിമതിയെ സംബന്ധിച്ച വിശദാംശങ്ങള്‍ നേരത്തെ ഐബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നതായി ആരോപണമുള്ളത് ഉപകരണങ്ങള്‍ വാങ്ങിയതിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുമാണ്. വിവാദമായ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷിച്ചതും അതിന്റെ മുഖ്യ ചുമതലക്കാരനായ സുരേഷ് കല്‍മാഡിയയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്.

95 കോടി രൂപ കോട്ട് ചെയ്ത ഒരു ഇന്ത്യന്‍ കമ്പനിയെ ഒഴിവാക്കി 141 കോടി രൂപയ്ക്ക് ഒരു സ്വിസ് കമ്പനിക്ക് നല്‍കിയ കരാറിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കല്‍മാഡി അറസ്റ്റിലായത്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിതും ഈ കേസില്‍ പ്രതിയാണ്.

ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സമാനമായിരുന്ന ആരോപണങ്ങളാണ് അന്ന് കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സുരേഷ് കല്‍മാഡി വഹിച്ച ഉത്തരവാദിത്വത്തിന് സമാനമായ ഉത്തരവാദിത്വമാണ് ദേശീയ ഗെയിംസ് നടത്തിപ്പില്‍ മുന്‍ സംസ്ഥാന പൊലീസ് മേധാവിയായ ജോക്കബ് പുന്നൂസ് വഹിക്കുന്നത്.

ഗെയിംസ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ തലവനാണിദ്ദേഹം. ഔദ്യോഗികമായ എല്ലാ രേഖകളിലും ഒപ്പ് വയ്ക്കാനുള്ള അധികാരവും ജേക്കബ് പുന്നൂസിനാണ്. കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ബോഡിയാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയ കേരള ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി പി.എ ഹംസയാണ് മുന്‍ പൊലീസ് മേധാവിയുടെ അടുത്ത സ്ഥാനം വഹിക്കുന്നത്. ഗെയിംസിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയാണ് ഹംസ.

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്മാരടക്കം ഉദ്യോഗസ്ഥന്മാരുടെ ഒരു പട തന്നെ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലുണ്ട്. സിബിഐക്ക് മുന്നില്‍ മുന്‍ പൊലീസ് മേധാവി അടക്കമുള്ളവര്‍ മറുപടി പറയേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് കാര്യങ്ങളെല്ലാം നടന്നതെന്ന് പറഞ്ഞ് തലയൂരാന്‍ നിലവിലെ സാഹചര്യത്തില്‍ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് പറ്റില്ല.

ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്കായി ധൂര്‍ത്തടിക്കുന്ന 15 കോടി രൂപയുടെ കാര്യത്തിലല്ല നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഉപകരണങ്ങള്‍ വാങ്ങിയതിലുമുള്ള ക്രമക്കേടുകളായിരിക്കും പ്രധാനമായും സിബിഐ അന്വേഷിക്കുക. 2007 മൂതല്‍ 2015 വരെയുള്ള ധനവിനിയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഇതിനകം തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ നടക്കുന്ന പരിപാടി ആയതിനാലും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും നടത്തിപ്പിനായി ഉപയോഗിക്കുന്നതുകൊണ്ടും സംസ്ഥാന വിജിലന്‍സിനും ഉയര്‍ന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാമെങ്കിലും ‘പരിമിതി’ തടസമാകുന്നതിനാല്‍ വിജിലന്‍സ് ഉന്നതരും മനസാ ആഗ്രഹിക്കുന്നത് സിബിഐ അന്വേഷണം തന്നെയാണ്. അഴിമതി ആരോപണങ്ങളില്‍ മുന്‍ വിജിലന്‍സ് ഡയറക്ടറും ഡിജിപിയുമായിരുന്ന ജേക്കബ് പുന്നൂസിനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

ദേശീയ ഗെയിംസിന്റെ സമാപനത്തിന് ശേഷം നടക്കുന്ന ഓഡിറ്റിന്റെ റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തില്‍ നിര്‍ണായകമാകും. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ഭാരവാഹികളില്‍ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തും.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടി വിവാദമായതും, ചീഫ് സെക്രട്ടറിയുടെ കമന്റും വാങ്ങിയ പണം ലാല്‍ തിരിച്ചുകൊടുത്തതും തുടര്‍ന്ന് അഴിമതി ആരോപണങ്ങള്‍ പുറത്തായതുമെല്ലാം ഐ.ബി ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഗെയിംസ് വേദികളിലും നേരിട്ട് പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് ശേഷം സിബിഐയുടെ ചെന്നൈ സോണ്‍ ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശമനുസരിച്ചായിരിക്കും കൂടുതല്‍ അന്വേഷണമുണ്ടാകുക.

Top