ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ ലക്ഷ്യമിടുന്നത് പാവപ്പെട്ടവരുടെ ഐക്യം ;കോടിയേരി

തിരുവനന്തപുരം: സംവരണ വിഷയത്തില്‍ ചിലര്‍ നടത്തുന്ന പ്രഹസനങ്ങള്‍ കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയാണെന്നും സംവരണം സംബന്ധിച്ച് സി.പി.ഐ.എം നിലപാട് വ്യക്തമാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ദേവസ്വം ബോര്‍ഡിലെ സംവരണത്തിലൂടെ പാവപ്പെട്ടവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത്. ഇത് എന്‍എസ്എസിന്റെയോ എസ്എന്‍ഡിപിയുടെയോ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുള്ള സംവരണരീതി നിലനിര്‍ത്തിക്കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം നല്‍കണമെന്നാണ് പാര്‍ട്ടി നിലപാട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനെതിരെ ബിജെപി എതിര്‍പ്പുമായി വന്നു. എന്നാല്‍ സിപിഐഎം നടപ്പാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 27 ശതമാനം സംവരണം പിന്നോക്കവിഭാഗങ്ങള്‍ക്കു ലഭിച്ചത്.

1990ല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുത്ത് മുന്നോക്കക്കാരില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് സിപിഐഎം പറഞ്ഞു. 1991ലെ തെരഞ്ഞെടുപ്പിലും ഇതേ നിലപാടാണ് സ്വീകരിച്ചത്.

പിഎസ്സി മാതൃകയില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിയമനം നടപ്പാക്കിയപ്പോള്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം ആര്‍ക്കു കൊടുക്കണമെന്നത് പരിഗണിച്ചു. ഇത് പൊതുവിഭാഗത്തിലേക്കു പോയാല്‍ പൊതുക്വോട്ട 68 ശതമാനമാകും. അതുകൊണ്ട് പിന്നോക്കസമുദായത്തിനകത്ത് സംവരണതോത് ഉയര്‍ത്താന്‍ തീരുമാനിച്ചു.

ഈഴവസമുദായത്തിന് 14 ശതമാനം സംവരണമായിരുന്നത് സര്‍ക്കാര്‍ നടപടിയിലൂടെ 17 ശതമാനമായി. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് 10 ശതമാനമായിരുന്നത് 12 ശതമാനം ആയി. മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് മൂന്നുശതമാനമായിരുന്നത് ആറു ശതമാനവുമായി.

ഈ നടപടിയില്‍ ഭരണഘടനാ ലംഘനമില്ലന്നും ഇത്തരം വസ്തുതകള്‍ മറച്ചുവെച്ച് സംവരണം അട്ടിമറിച്ചെന്ന് പറഞ്ഞ് സാമുദായിക ധ്രുവീകരണം നടത്താനുള്ള ചില സംഘടനകളുടെ ശ്രമങ്ങളില്‍ ജനങ്ങള്‍ പെട്ടുപോകരുതെന്നും കോടിയേരി വ്യക്തമാക്കി.

Top