ദൃശ്യമികവൊരുക്കാന്‍ സാംസങ് ഗാലക്‌സി വ്യൂ ടാബ്; വില 39,000 രൂപ

സ്ലേറ്റ് വലിപ്പത്തിലുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് സാംസങ് പുതിയൊരു ടാബ് അവതരിപ്പിച്ചിരിക്കുന്നു. 18.4 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഈ ടാബിന് സാംസങിട്ടിട്ടുള്ള പേര് ‘ഗാലക്‌സി വ്യൂ’ ( Galaxy View ).

കഴിഞ്ഞമാസം ബര്‍ലിനില്‍ നടന്ന ഐഎഫ്എ പ്രദര്‍ശനവേദിയില്‍ ഇത്തരമൊരു ടാബിനെക്കുറിച്ച് സാംസങ് സൂചന നല്‍കിയിരുന്നു.
1920X1080 പിക്‌സല്‍ റിസൊല്യൂഷനോട് കൂടിയ 18.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍ തന്നെയാണ് ഗാലക്‌സി വ്യൂവിന്റെ പ്രധാന ആകര്‍ഷണം. ഇതുവരെ ഇറങ്ങിയതില്‍ വച്ച് ഏറ്റവും വലിപ്പമുള്ള ആന്‍ഡ്രോയ്ഡ് ഡിവൈസാണിതെന്ന് സാംസങ് അവകാശപ്പെടുന്നു.

പേര് സൂചിപ്പിക്കുന്നതുപോലെ വീഡിയോ കാണാന്‍ വേണ്ടി ടാബ് വാങ്ങുന്നവരെയാണ് ഗാലക്‌സി വ്യൂ ലക്ഷ്യമിടുന്നത്. ഹോംസ്‌ക്രീനില്‍ തന്നെ യൂട്യൂബ്, നെറ്റ്ഫല്‍ക്‌സ്, ഹുലു, ട്വിച്ച്, ക്രാക്കിള്‍ എന്നീ വീഡിയോ പ്ലാറ്റ്‌ഫോമുകളുടെ ഐക്കണുകളുണ്ട്.

ബ്രീഫ്‌കേസ് പോലെ മടക്കി കൊണ്ടുനടക്കാവുന്ന ഈ ടാബിന് മേശ മേലുറപ്പിച്ച് നിര്‍ത്താന്‍ സ്റ്റാന്‍ഡുമുണ്ട്. 451.8 മില്ലിമീറ്റര്‍ നീളവും 275.8 മില്ലിമീറ്റര്‍ വീതിയുമുള്ള ഈ ടാബിന്റെ കനം 11.9 മില്ലിമീറ്റര്‍. 2.65 കിലോയാണ് ഭാരം.

1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, രണ്ട് ജിബി റാം, 32/64 ജിബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ വിശേഷങ്ങള്‍.

ദൃശ്യമികവിനൊപ്പം ശബ്ദസുഖം കൂടി ഉറപ്പുവരുത്താന്‍ നാല് വാട്ട്‌സിന്റെ രണ്ട് സ്പീക്കറുകളും ടാബില്‍ സജ്ജമാക്കിയിട്ടുണ്ട്. സെല്‍ഫിയെടുക്കാനായി 2.1 മെഗാപിക്‌സലിന്റെ മുന്‍ക്യാമറയും ടാബിലുണ്ട്.

ആന്‍ഡ്രോയ്ഡ് 4.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ 4ജി, ബ്ലൂടൂത്ത് 4.1, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്.

5700 എംഎഎച്ചിന്റെ കരുത്തന്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ വീഡിയോ കാണലാണ് കമ്പനി ഉറപ്പു തരുന്ന ബാറ്ററി ആയുസ്സ്.

നവംബര്‍ ആറിന് യു.എസ് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഗാലക്‌സി വ്യൂവിന്റെ വില 599 ഡോളര്‍ (ഏതാണ്ട് 39,000 രൂപ).

Top