ദുര്‍മന്ത്രവാദം; അഞ്ച് വയസ്സുള്ള മകളെ തല്ലിക്കൊന്നു

നാഗ്പൂർ : ദുര്‍മന്ത്രവാദത്തിന്റെ പേരിൽ അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കൾ. നാഗ്പൂരിലാണ് ദുഷ്ട ശക്തികളെ തുരത്താനെന്ന് പേരിൽ ദുര്‍മന്ത്രവാദം നടത്തി മകളെ അടിച്ചുകൊന്നത്. പൂജയുടെ ഭാഗമായി അടിയേറ്റ കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ഇന്ത്യൻ പീനൽ കോഡിലെയും മഹാരാഷ്ട്രയിലെ നരബലി തടയൽ നിയമപ്രകാരവും മറ്റ് മനുഷ്യത്വരഹിത, ദുഷ്ട, അഘോരി ആചാരങ്ങൾ, ബ്ലാക്ക് മാജിക് ആക്ട് എന്നിവയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു.

യൂട്യൂബിൽ പ്രാദേശിക വാർത്താ ചാനൽ നടത്തുന്ന സുഭാഷ് നഗർ നിവാസിയായ ചിമ്‌നെ, കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ ഭാര്യയോടും 5 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺമക്കളോടൊപ്പം തകൽഘട്ടിലെ ഒരു ദർഗയിൽ പോയിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്നുമുതൽ, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളിൽ സംശയം തോന്നിയ ഇയാൾ അവളെ ചില ദുഷ്ടശക്തികൾ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് ‘ബ്ലാക്ക് മാജിക്’ ചെയ്യാൻ തീരുമാനിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുവും രാത്രിയിൽ ചടങ്ങുകൾ നടത്തുകയും ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ പിന്നീട് അവരുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കരയുന്ന പെൺകുട്ടിയോട് പ്രതികൾ ചില ചോദ്യങ്ങൾ ചോദിക്കുന്നത് വീഡിയോയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. കുട്ടിക്ക് ഉത്തരം പറയാൻ കഴിയുമായിരുന്നില്ലെന്നും അവൾ അവശയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ചടങ്ങിനിടെ, മൂന്ന് പ്രതികളും കുട്ടിയെ തല്ലുകയും മർദിക്കുകയും ചെയ്തു. തുടർന്ന് അവൾ ബോധരഹിതയായി നിലത്തു വീണു. ശനിയാഴ്ച പുലർച്ചെ പ്രതികൾ കുട്ടിയെ ദർഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന് സംശയം തോന്നി അവരുടെ കാറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. ഫോട്ടോയിൽ പതിഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. റാണാ പ്രതാപ് നഗർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികളുടെ വീട്ടിലെത്തി അവരെ പിടികൂടി.

 

Top