ദീപികയുടെ ഉയര്‍ച്ചയും താഴ്ചയും

പ്രതിസന്ധികളെല്ലാം മാറി നല്ല കാലമെത്തുമെന്ന പ്രതീക്ഷ നമുക്ക് ഏവര്‍ക്കുമുണ്ട്. ബോളിവുഡിലെ താര റാണി ദീപിക പദുക്കോണും പറയുന്നത് ഇതു തന്നെ. കരിയറിന്റെ തുടക്കകാലത്ത് നിരവധി വിമര്‍ശനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഒരു പാട് ഞാന്‍ സഹിച്ചു. പലയാളുകളുടെയും ശരിയായ സ്വഭാവം മനസിലാക്കാന്‍ സാധിച്ചു. ഇപ്പോള്‍ എന്റെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റാവുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു.

ഷാരുഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലൂടെയാണ് ദീപിക ബോളിവുഡില്‍ എത്തുന്നത്. ഈ ചിത്രം വിജയമായിരുന്നെങ്കിലും പിന്നീട് അങ്ങോട്ട് ദീപികയ്ക്ക് കഷ്ടകാലമായിരുന്നു. ഭാവങ്ങള്‍ ശരിയല്ല, നൃത്തം പോരാ തുടങ്ങി നിരവധി ആരോപണങ്ങളാണ് നിരൂപകര്‍ ദീപികയ്ക്ക് എതിരേ ഉന്നയിച്ചിരുന്നത്. പക്ഷെ ഇതു കൊണ്ടൊന്നും ദീപിക തളര്‍ന്നില്ല. തുടര്‍ന്നു നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ ദീപികയ്ക്ക് കഴിഞ്ഞു. ലൗ ആജ് കല്‍, കോക്ടൈല്‍, യെ ജവാനി ഹെ ദിവാനി, ചെന്നൈ എക്‌സ്പ്രസ്, ഗോലിയോന്‍ കി രാസലീല രാംലീല തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് പിന്നീട് ദീപിക നായിക വേഷത്തില്‍ എത്തിയത്.

ഒടുവില്‍ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയറാകട്ടെ ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ എല്ലാം തകര്‍ത്ത് മുന്നേറുന്നു. മൂന്നാം തവണയാണ് ദീപിക, ഷാരുഖ് ഖാന്റെ നായികയാവുന്നത്. മൂന്നു ചിത്രങ്ങളും വന്‍ വിജയവുമായി. തുടര്‍ വിജയങ്ങളോടെ ദീപിക ബോളിവുഡിന്റെ ഭാഗ്യതാരമായി മാറിയിരിക്കുകയാണിപ്പോള്‍. ഒരിക്കല്‍ തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം മുന്നില്‍ വിജയങ്ങളുടെ കണക്കുകള്‍ നിരത്തുകയാണിപ്പോള്‍ ദീപിക.

Top