ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിയില്‍ മുഹുര്‍ത്ത വ്യാപാരം നവംബര്‍ 11 ന്

മുംബൈ: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ ഓഹരി വിപണികളില്‍ പ്രത്യേക വ്യാപാരം ഇത്തവണയും ഉണ്ടാകും. നവംബര്‍ 11ന് വൈകീട്ട് 5.45 മുതല്‍ 6.45 വരെയാണ് മുഹൂര്‍ത്ത വ്യാപാരം നടക്കുക. ഇതുസംബന്ധിച്ച് ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും മുംബൈ സ്റ്റോക്ക് എക്‌സചേഞ്ചായ ബിഎസ്ഇയും വിജ്ഞാപനം പുറത്തിറക്കി.

പുതു വര്‍ഷത്തിനു തുടക്കമാകുമ്പോള്‍ ഓഹരി വിപണിക്ക് മാത്രമല്ല, ബിസിനസ് ലോകത്തിന്റെയാകെ മനം നിറയെ മികച്ച കച്ചവടത്തിന്റെയും ലാഭത്തിന്റെയും ശുഭപ്രതീക്ഷകളാണുള്ളത്. നിലവിലെ നിക്ഷേപകര്‍ക്കും പുതു നിക്ഷേപകര്‍ക്കും ഏറ്റവും ലാഭകരമെന്ന് തോന്നുന്ന ഓഹരികള്‍ വാങ്ങാവുന്ന ഐശ്വര്യ നേരമായാണ് മുഹൂര്‍ത്ത വ്യാപാരത്തെ കണക്കാക്കുന്നത്.

നഷ്ടക്കണക്കുകളില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന പ്രതീക്ഷകളോടെയാണ് പുതു വര്‍ഷത്തെ ഓഹരി വിപണി വരവേല്‍ക്കുന്നത്.

നിക്ഷേപകര്‍ പുതു വര്‍ഷത്തെ ആവേശത്തോടെ വരവേറ്റാല്‍ നിഫ്റ്റി 8,500 പോയിന്റും സെന്‍സെക്‌സ് 27,000 പോയിന്റും മറികടക്കും. വാഹനം, ബാങ്കിംഗ്, ഇന്ധന ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. എന്നാല്‍, ഉയരം കൂടുന്തോറുമുള്ള ലാഭമെടുപ്പ് പ്രവണത ആഞ്ഞടിച്ചാല്‍ അത് ഓഹരി വിപണിക്ക് വലിയ തിരിച്ചടിയുമാകും.

Top