‘ദാവൂദ് ഉറങ്ങുകയാണ് പിന്നെവിളിക്കു’വെന്ന് ഭാര്യ; ദാവൂദ് കറാച്ചിയിലെന്നതിന് സ്ഥിരീകരണം

ഡല്‍ഹി: ഇന്ത്യ തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് സ്ഥിരികരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

ദാവൂദ് ഇബ്രാഹിം ഉറങ്ങുകയാണെന്ന് ഭാര്യ മെഹ്ജബീന്‍ ശൈഖ് കറാച്ചിയിലെ വസതിയില്‍നിന്ന് ഇന്ത്യയിലെ വാര്‍ത്താചാനലിനോട് പറയുന്ന ഫോണ്‍ സംഭാഷണമാണ് ‘ടൈംസ് നൗ’ പുറത്ത് വിട്ടത്.

ഇന്റര്‍പോളും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളും തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയില്‍ ഉണ്ടെന്ന് വ്യക്തമാകുന്ന തെളിവുകളാണ് രണ്ടുദിവസമായി പുറത്തുവരുന്നത്.

ദാവൂദിന്റെ കറാച്ചിയിലെ വീട്ടിലെ ഫോണ്‍ബില്ലും യാത്രാരേഖകളും ഏറ്റവും പുതിയ ചിത്രവും കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ദാവൂദ് തങ്ങളുടെ രാജ്യത്തില്ലെന്നാണ് കഴിഞ്ഞയാഴ്ചയും പാക് സ്ഥാനപതി അബ്ദുള്‍ ബാസിത് മാധ്യമങ്ങളോട് പറഞ്ഞത്.

ഫോണ്‍ സംഭാഷണത്തിന്റ പൂര്‍ണരൂപം
റിപ്പോര്‍ട്ടര്‍: നിങ്ങള്‍ മെഹ്ജബിന്‍ ഷെയ്ഖ് ആണോ?
ഉ: അതേ
റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ഇപ്പോള്‍ കറാച്ചിയിലല്ലേ ?
ഉ: അതെ, നിങ്ങളാരാണ്?
റിപ്പോര്‍ട്ടര്‍: നിങ്ങള്‍ ദാവൂദ് ഇബ്രാഹിമിന്രെ ഭാര്യയല്ലേ?
ഉ: അതെ,
റിപ്പോര്‍ട്ടര്‍: ഫോണ്‍ അദ്ദേഹത്തിനു കൊടുക്കാമോ?
ഉ: അദ്ദേഹം ഉറങ്ങുകയാണ്.

റിപ്പോര്‍ട്ടര്‍ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയാണോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നും അദ്ദേഹം ഉറങ്ങുകയാണെന്നും ഒരു സങ്കോചവും കൂടാതെ മെഹ്ജബിന്‍ ഷെയ്ഖ് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ സ്വതന്ത്രമായി വിഹരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മെഹ്ജബിന്റെ സംഭാഷണം.

എന്നാല്‍, പിന്നീട് മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ഇതേ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ മറുതലയ്ക്കല്‍ മറ്റൊരു സ്ത്രീയാണ് ഫോണ്‍ എടുത്തത്. അല്പം സംശയത്തോടെയാണ് അവര്‍ സംസാരിച്ചത്. ദാവൂദിനോട് സംസാരിക്കാന്‍കഴിയുമോ എന്നു ചോദിച്ചപ്പോള്‍ പിന്നീട് വിളിയ്ക്കു എന്നായിരുന്നു മറുപടി.

Top