ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ശശി കപൂറിന്

ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് ഹിന്ദി അഭിനേതാവ് ശശി കപൂര്‍ അര്‍ഹനായി. ജനപ്രിയചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുളള ചിത്രങ്ങളിലും ഒരുപോലെ വേഷമിട്ട ശശി കപൂറിന് പദ്മഭൂഷണടക്കമുളള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

അറുപതുകളുടെ യുവത്വത്തിന്റെ ഹൃദയത്തുടിപ്പായിരുന്നു ശശി കപൂര്‍. വിഖ്യാതമായ കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ പൃഥ്വിരാജ് കപൂറിന്റെ മകനും പ്രശസ്തരായ രാജ്, ഷമ്മി കപൂര്‍മാരുടെ സഹോദരനുമായ ശശി കപൂറിന് മുന്നിലും നാടകവും സിനിമയും കുട്ടിക്കാലത്തേ വാതിലുകള്‍ തുറന്നിട്ടു.

തിളങ്ങുന്ന കണ്ണുകളും സുന്ദരമായ മുഖവും അതിഭാവുകത്വമില്ലാത്ത അഭിനയവും യുവാക്കളുടെ ഹരമായി ശശി കപൂറിനെ മാറ്റി. നാടകവേദികളിലെ യാത്രയ്ക്കിടെയാണ് ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ജെന്നിഫറിനെ ശശി കപൂര്‍ ജീവിതസഖിയാക്കുന്നത്. ജബ് ജബ് ഫൂല്‍ ഖിലേ, ചോര്‍ മചായേ ഷോര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ശ്യാം ബെനഗലിന്റെ ജുനൂന്‍ പോലുളള കലാമൂല്യമുളള ചിത്രങ്ങളിലും വേഷമിടാന്‍ ശശി കപൂര്‍ ശ്രദ്ധിച്ചിരുന്നു.

ദ ഹൗസ്‌ഹോള്‍ഡര്‍ , ഷേക്‌സ്പിയര്‍ വാല , ബോംബേ ടോക്കീ എന്നിങ്ങനെ ഒട്ടേറെ വിദേശചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ശശി കപൂര്‍ അവതരിപ്പിച്ചിട്ടുണ്ട്. 1986ല്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരമടക്കം നേടിയ ശശി കപൂര്‍ ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അപര്‍ണസെന്നും ഗോവിന്ദ് നിഹ്ലാനിയും പോലുളള സമാന്തരസംവിധായകരുടെ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു.

Top