ദളിതരെ ലക്ഷ്യം വച്ച്‌ ആര്‍എസ്എസ്; കേരളത്തില്‍ ബിജെപിക്കായി രംഗത്തിറങ്ങും

നൈനിറ്റാള്‍: വരുന്ന തദ്ദേശ സ്വയംഭരണ -നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പ് വരുത്താന്‍ സജീവമായി ഇറങ്ങാന്‍ ആര്‍.എസ്.എസ് ദേശീയ നേതൃത്വം കേരള ഘടകത്തിന് നിര്‍ദേശം നല്‍കി.

മോഡി സര്‍ക്കാരിന്റെ കീഴില്‍ ആര്‍.എസ്.എസിന്റെ വളര്‍ച്ചക്കും നവീകരണത്തിനും വഴിയൊരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നൈനിറ്റാളില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നിര്‍ദേശം.

ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാക്കളാണ് മൂന്ന് ദിവസമായി നടന്ന യോഗത്തില്‍ പങ്കെടുത്തത്.

കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കുന്നതിനായി ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ ആര്‍.എസ്.എസ് നടപടി ബീഹാര്‍,കേരളം ഉള്‍പ്പെടെ ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുഴുമവന്‍ സംസ്ഥാനങ്ങളിലും പരീക്ഷിക്കാനാണ് തീരുമാനം.

കേന്ദ്രത്തില്‍ ഭരണംപിടിക്കാന്‍ ആര്‍.എസ്എസിന്റെ സജീവ ഇടപെടല്‍ മുഖ്യ പങ്ക് വഹിച്ച സാഹചര്യത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ആര്‍.എസ്.എസ് നേതൃതീരുമാനം.

രാജ്യത്ത് ഏറ്റവും സുസംഘടിതമായ സംഘടനാ സംവിധാനമാണ് കേരളത്തില്‍ ആര്‍.എസ്.എസിന് ഉള്ളതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തസാക്ഷികളുടെ എണ്ണത്തിലും കേരളം തന്നെയാണ് സംഘപരിവാറില്‍ ഒന്നാം സ്ഥാനം.

ഇന്നുവരെ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഒരു എം.എല്‍.എയെ പോലും ജയിപ്പിക്കാന്‍ കഴിയാത്തത് ദേശീയ തലത്തില്‍ ആര്‍.എസ്.എസിനും നാണക്കേടായ സാഹചര്യത്തിലാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങാനുള്ള പുതിയ തീരുമാനം.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിനായി നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ മാതൃക തദ്ദേശ സ്വയംഭരണ -നിയമസഭാ തെരഞ്ഞെടുപ്പുകളിലും നടത്താനാണ് നിര്‍ദേശം.

സി.പി.എം വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുന്നതോടൊപ്പം കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ചോര്‍ത്താനും പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആര്‍.എസ്.എസ് കേരള ഘടകത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഭരണം പിടിക്കാന്‍ പറ്റുമെന്ന അഹങ്കാരമില്ലെങ്കിലും പരമാവധി സീറ്റുകള്‍ നേടി ‘കറുത്ത കുതിര’യാവാനാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ആര്‍.എസ്.എസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പ്രവര്‍ത്തനം സംബന്ധിച്ച് രൂപരേഖ തയ്യറാക്കാന്‍ ആര്‍.എസ്.എസ് കേരളാ ഘടകം മുന്‍കൈ എടുത്ത് ഉടന്‍ തന്നെ ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ വിപുലമായ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

രാജ്യത്ത് ദളിത് പ്രാതിനിത്യം സംഘടനയില്‍ വര്‍ദ്ധിക്കുന്നതായി ആര്‍.എസ്.എസ് ദേശീയ നേതൃത്വം വിലയിരുത്തി.

ദളിതരെ ഹിന്ദു വിഭാഗത്തിലെ മറ്റ് വിഭാഗങ്ങളുമായി കൂട്ടി യോജിപ്പിക്കുന്നതിനും ദളിത് അംഗങ്ങളുടെ സംഘടനയിലെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് ആര്‍.എസ്.എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

Top