ദന്തേവാഡ മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരര്‍ കേരളത്തിലെ വനാന്തരങ്ങളില്‍

കൊച്ചി: ഛത്തീസ്ഗഡ് ദന്തേവാഡയില്‍ 2010ല്‍ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് 76 ഭടന്മാരെ വധിച്ചതിന്റെ സൂത്രധാരന്‍ മല്ലരാജ വേണുഗോപാല്‍ റാവു (ഭൂപതി), സഹ കമാന്‍ഡര്‍ സുന്ദരി (ഗീത) എന്നിവര്‍ വര്‍ഷങ്ങളായി കേരളത്തിലെ വനനിരകളില്‍ ഒളിവില്‍ കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാതെ കേരള പൊലീസ് ഇരുട്ടില്‍തപ്പുന്നു.

മാവോയിസ്റ്റുകള്‍ പുതുതായി രൂപീകരിച്ച പശ്ചിമഘട്ട സ്‌പെഷ്യല്‍ മേഖലാ സമിതിയില്‍പ്പെട്ട നേത്രാവതി ദളത്തിന്റെ ചുമതലക്കാരിയാണ് ജാര്‍ഖണ്ഡില്‍ സായുധ പരിശീലനം നേടിയ സുന്ദരി. രണ്ടുവര്‍ഷം കാട്ടില്‍ തെരഞ്ഞിട്ടും ഇവരെ പിടികൂടാന്‍ കേരള പൊലീസിന്റെ പ്രത്യേക കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ടിനു കഴിഞ്ഞിട്ടില്ല.

മാവോയിസ്റ്റ് ഉന്നത നേതാവ് കിഷന്‍ജിയുടെ ഇളയ സഹോദരനും പോളിറ്റ് ബ്യൂറോ അംഗവുമായ വേണുഗോപാല്‍ റാവു കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാണ്.

ആദിവാസിമേഖലകളിലും മറ്റും ഒളിവില്‍ കഴിഞ്ഞ് സ്വാധീനം വര്‍ദ്ധിപ്പിക്കാനും ആവശ്യമുള്ളപ്പോള്‍ ആക്രമണം നടത്താനും ചുമതലപ്പെടുത്തിയാണ് റാവുവിനെ കേരളത്തിലേക്ക് അയച്ചിട്ടുള്ളത്.

ദണ്ഡകാരണ്യം ഏരിയാ ലിബറേഷന്‍ സോണ്‍ എന്നപേരില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചായിരുന്നു ദന്തേവാഡയില്‍ റാവുവിന്റെ നേതൃത്വത്തില്‍ ആക്രമണം.

ഇതിന് ശേഷം ദക്ഷിണേന്ത്യയിലേക്ക് കടന്ന റാവുവിനെ കേരളമുള്‍പ്പെടുന്ന ഗറില്ലാ സോണായ വെസ്‌റ്റേണ്‍ ഗാട്ട് സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാക്കി. ഗോവ മുതല്‍ ഇടുക്കി വരെയുള്ള പ്രദേശമാണ് റാവുവിന്റെ മേഖല.

അഭയ്, സോനു, മാസ്റ്റര്‍, ഭൂപതി തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന റാവു നേത്രാവതി ദളം, കരാവലി ദളം തുടങ്ങി ആറ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

റാവുവിന്റെ സഹോദരന്‍ കിഷന്‍ജി 2011 നവംബറില്‍ സിആര്‍പിഎഫ് കോബ്ര കമാന്‍ഡോകളുടെയും പശ്ചിമബംഗാള്‍ പൊലീസിന്റെയും സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റാവുവിന്റെ തലയ്ക്ക് ആന്ധ്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ 25 ലക്ഷം വീതവും പശ്ചിമബംഗാള്‍, ഒറീസ സംസ്ഥാനങ്ങള്‍ 19 ലക്ഷവും വിലയിട്ടിട്ടുണ്ട്.

തങ്ങളുടെ കോളനികളില്‍ പലതവണ എത്തിയതായി വയനാട്ടിലെ ആദിവാസികള്‍ സ്ഥിരീകരിക്കുന്ന സുന്ദരി നേത്രാവതി ദളത്തിന്റെ സഹ കമാന്‍ഡറാണ്.

കര്‍ണാടക നക്‌സല്‍ വിരുദ്ധ സേനയുമായുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബല്‍ത്തങ്ങാടിയിലെ നക്‌സല്‍ നേതാവ് വസന്തിന്റെ സഹോദരിയുമാണ്. വിവിധ സംസ്ഥാനങ്ങള്‍ സുന്ദരിയുടെ തലയ്ക്ക് പത്തുലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.

Top