ദത്തുപുത്രിയുടെ മരണം: യു.എസ്. ദമ്പതികളെ ഖത്തര്‍ വെറുതെവിട്ടു

ദോഹ: ദത്തുപുത്രിയെ പട്ടിണിക്കിട്ടു കൊന്നെന്ന കേസില്‍ ഖത്തര്‍ അപ്പീല്‍ കോടതി അമേരിക്കന്‍ ദമ്പതികളെ കുറ്റക്കാരല്ലെന്നു കണ്ടു വെറുതെവിട്ടു.

ഘാനയിലെ അനാഥാലയത്തില്‍ നിന്നു ദത്തെടുത്ത എട്ടുവയസ്സുകാരി ഗ്ലോറിയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് യു.എസ്. ദമ്പതികളായ മാത്യു- ഗ്രെയ്‌സ് ഹുവാങ് ദമ്പതികളെ കോടതി വിട്ടയച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരെയും ശിക്ഷിച്ചുകൊണ്ടു കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഇരുവരും അപ്പീല്‍ കോടതിയെ സമീപിച്ചത്.

സാധാരണജീവിതം നയിക്കുന്നതില്‍ നിന്നു ഗ്ലോറിയയെ രക്ഷിതാക്കള്‍ തടഞ്ഞിരുന്നില്ലെന്ന ദൃക്‌സാക്ഷി മൊഴി വിശ്വാസത്തിലെടുത്താണ് ഇരുവരെയും കോടതി വിട്ടയച്ചത്. ദമ്പതികള്‍ കുറ്റക്കാരല്ലെന്നും ഇരുവര്‍ക്കും രാജ്യംവിട്ടു പോവാമെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. 2022ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജലശുദ്ധീകരണ പദ്ധതി ജോലിക്കായാണ് എന്‍ജിനീയറായ ഹുവാങ്ങും കുടുംബവും 2012ല്‍ ഖത്തറിലെത്തിയത്.

Top