തോല്‍വി അറിയാതെ ഫ്‌ളോയിഡ് മെയ്‌വെതര്‍ ബോക്‌സിംഗ് റിംഗിനോട് വിടപറഞ്ഞു

ലാസ്‌വെഗസ്: ഫ്‌ളോയിഡ് മെയ്‌വെതര്‍ ജൂണിയര്‍ തോല്‍വി അറിയാതെ ബോക്‌സിംഗ് റിംഗിനോട് വിടപറഞ്ഞു. തന്റെ കരിയറിലെ അവസാന മത്സരത്തില്‍ നാട്ടുകാരന്‍ കൂടിയായ ആന്ദ്രേ ബെര്‍റ്റോയെയാണു മെയ്‌വെതര്‍ തോല്‍പ്പിച്ചത്.

ഇതോടെ പരാജയമറിയാതെ 49 മല്‍സരങ്ങളെന്ന ഇതിഹാസതാരം റോക്കി മാര്‍സിയാനോയുടെ റിക്കാര്‍ഡിനൊപ്പവും മെയ്‌വെതര്‍ എത്തി. മത്സരത്തില്‍ മൂന്ന് ജഡ്ജസും മെയ്‌വെതറിനു അനുകൂലമായി വിധിയെഴുതി.

ഷോടൈം സ്‌പോര്‍ട്‌സുമായുള്ള മെയ്‌വെതറുടെ ആറു മല്‍സര കരാറിലെ അവസാന മല്‍സരമായിരുന്നു ഇത്. മെയ്‌വെതറിനു അഞ്ചു വിഭാഗങ്ങളിലായി 12 ലോക കിരീടങ്ങളുണ്ട്.

അവസാന മത്സരത്തില്‍ ആന്ദ്രേ ബെര്‍ട്ടോയെ മെയ്‌വെതര്‍ തെരഞ്ഞെടുത്തത് അപരാജിതന്‍ എന്ന റിക്കാര്‍ഡ് നിലനിര്‍ത്താനാണെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കരിയറിലെ നാലാം തോല്‍വിയാണു ബെര്‍ട്ടോയ്ക്കുണ്ടായത്.

നൂറ്റാണ്ടിന്റെ പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ട മാനി പക്കിയാവേക്കെതിരായ മത്സരത്തിനു മുന്‍പ് മെയ്‌വെതര്‍ നിരോധിച്ച മരുന്നടിച്ചു എന്ന വിവാദങ്ങള്‍ക്കിടെയായിരുന്നു അവസാന മത്സരം. ഇത് മത്സരത്തിന്റെ നിറംകെടുത്തി.

വിരമിക്കല്‍ തീരുമാനത്തില്‍നിന്നു പിന്നോട്ടില്ലെന്നും താന്‍ തന്നെയാണു ലോകത്തിലെ മികച്ച താരമെന്നും മത്സരശേഷം മെയ്‌വെതര്‍ പറഞ്ഞു. ബെര്‍റ്റോ മികച്ച എതിരാളിയായിരുന്നെങ്കിലും തന്റെ പരിചയസമ്പത്ത് മത്സരത്തില്‍ വിജയിക്കാന്‍ സഹായിച്ചുവെന്നും മെയ്‌വെതര്‍ പറഞ്ഞു.

Top