തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും തോല്‍ക്കാത്ത വിജയം; അവാര്‍ഡില്‍ അട്ടിമറിക്ക് നീക്കം

ന്യൂഡല്‍ഹി: സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ 2014 അവാര്‍ഡിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 49 ശതമാനം വോട്ടോടെ മലയാളി ഐപിഎസ് ഓഫീസര്‍ പി.വിജയന്‍ നേടിയ ആധികാരിക വിജയം അട്ടിമറിക്കാന്‍ നീക്കം.

നേരത്തെ രണ്ട് തവണ മാറ്റിവച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പ് ഫെബ്രുവരി 11ന് വൈകീട്ട് 6 മണിക്ക് അവസാനിക്കുമെന്നായിരുന്നു ചാനല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. അത് പ്രകാരം ഇന്നലെ വൈകീട്ട് 6 മണിയുടെ ഫലം പരിശോധിക്കുമ്പോള്‍ വിജയന് 49 ശതമാനം വോട്ടും രണ്ടാം സ്ഥാനത്തുള്ള തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് 27 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്.

വോട്ടെടുപ്പ് ഫലം 14ന് പ്രഖ്യാപിക്കുമെന്ന് മത്സരാര്‍ത്ഥികളായ 36 പേരെയും ചാനല്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ചടങ്ങ് മാറ്റിവച്ച് ഓണ്‍ലൈന്‍ വോട്ടിംഗ് പ്രക്രിയ തുടരുകയാണ്. പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് ചാനല്‍ അധികൃതരുടെ ‘ഹിഡണ്‍ അജണ്ട’നടപ്പാക്കാനാണ് ഓണ്‍ലൈന്‍ വോട്ടിംഗ് പ്രക്രിയ തുടരുന്നതെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇപ്പോഴത്തെ നീക്കം.

ജനുവരി നാലിന് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച വോട്ടിംഗ് പ്രക്രിയ പിന്നീട് ജനുവരി 31 ലേക്കും ഒടുവില്‍ ഫെബ്രുവരി 11 ലേക്കും മാറ്റിവയ്ക്കുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം മുന്നില്‍ നിന്നിരുന്നത് പി. വിജയന്‍ തന്നെയായിരുന്നു. ജനുവരി നാലിന് വോട്ടെടുപ്പ് നീട്ടിവച്ചപ്പോള്‍ ‘അപ്രതീക്ഷിതമായ’കുതിപ്പില്‍ 32 ശതമാനം വോട്ട് നേടി ചന്ദ്രശേഖരറാവു വിജയനെ മറികടന്നിരുന്നു. 39 ശതമാനം വോട്ട് ഉണ്ടായിരുന്ന വിജയന് 19 ശതമാനമായി കുറയുകയും ചെയ്തു.

മത്സരാര്‍ത്ഥികളായ മറ്റ് 34 പേരുടെ വോട്ടിംഗ് നിലയില്‍ കുറവുവരാതെ വിജയന്റെ വോട്ടിംഗ് ശതമാനം മാത്രം കുറഞ്ഞതിന്റെ യുക്തി ചോദ്യം ചെയ്ത് നിരവധി പോസ്റ്റുകള്‍ സിഎന്‍എന്‍ – ഐബിഎന്നിന്റെ ഒഫീഷ്യല്‍ പേജില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ് മറ്റുള്ളവരുടെ വോട്ടിംഗ് ശതമാനം പുറത്ത് വിടാന്‍ ചാനല്‍ അധികൃതര്‍ തയ്യാറായത്.

എന്നാല്‍ പിന്നീട് വോട്ടിംഗ് അവസാനിക്കേണ്ടിയിരുന്ന ജനുവരി 31 ന് 43 ശതമാനം വോട്ട് നേടി വിജയന്‍ വീണ്ടും ഒന്നാമതെത്തിയപ്പോള്‍ ചാനല്‍ അധികൃതര്‍ വീണ്ടും വോട്ടിംഗ് തിയതി 11ലേക്ക് മാറ്റുകയായിരുന്നു. ഈ ഘട്ടത്തിലാണ് 49 ശതമാനം വോട്ടും 1,32,840 മെന്‍ഷന്‍സും നേടി വിജയന്‍ ഒന്നാമതായത്. ചന്ദ്രശേഖര റാവുവിന് 27 ശതമാനം വോട്ടും 66,359 മെന്‍ഷന്‍സും മാത്രമാണുള്ളത്. വോട്ടെടുപ്പ് വീണ്ടും നീട്ടിയതിനാല്‍ ഇപ്പോള്‍ നിലവില്‍ വിജയന് 51 ശതമാനം വോട്ടായി വര്‍ദ്ധിച്ചിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ള നടന്‍ അമീര്‍ഖാന് 4 ശതമാനം വോട്ടും 9,288 മെന്‍ഷന്‍സും ഉണ്ട്. സല്‍മാന്‍ഖാന്‍ 4 ശതമാനം വോട്ട് നേടിയെങ്കിലും മെന്‍ഷന്‍സ് 8773 മാത്രമായതിനാല്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മത്സര രംഗത്തുണ്ടായിരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ,ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിജെപി പ്രസിഡന്റ് അമിത് ഷാ തുടങ്ങിയവര്‍ നിലവില്‍ വാഷ് ഔട്ട് ആയ അവസ്ഥയിലാണ്.

ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിലുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് അനന്തമായി നീട്ടുന്നത് സിഎന്‍എന്‍- ഐബിഎന്‍ ചാനലിന്റെ വിശ്വാസ്യത കളയുമെന്ന് ഇതിനകം തന്നെ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലേക്ക് ചാനല്‍ അകപ്പെട്ടതാണ് ഇപ്പോഴത്തെ ‘മറിമായ’ങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം.

രാജ്യത്തെ ഐടി ആസ്ഥാനമായി അറിയപ്പെടുന്ന ഹൈദരാബാദ് ഉള്‍പ്പെടുന്ന തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു വോട്ടിംഗില്‍ ആദ്യമായി വിജയനെ മറികടന്നത് ജനുവരി നാലിന് അവസാനിക്കേണ്ടിയിരുന്ന വോട്ടിംഗ് പ്രക്രിയ നീട്ടിയതിനെ തുടര്‍ന്നായിരുന്നു.
ഡല്‍ഹി നിമസഭാ തെരെഞ്ഞെടുപ്പില്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സിഎന്‍എന്‍- ഐബിഎന്‍ ചാനലുള്‍പ്പെടെയുള്ളവരുടെ പ്രചാരണങ്ങളെ അതിജീവിച്ചാണ് അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും കരുത്ത് തെളിയിച്ചിരുന്നത്. ഇതിലവര്‍ക്ക് ഏറെ സഹായകരമായത് ഫെയ്‌സ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്‍തുണയാണ്.

ഇപ്പോള്‍ വ്യവസായ ‘ഭീമന്റെ’ഈ സ്വന്തം ചാനലിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വോട്ടെടുപ്പിലും മലയാളി ഐപിഎസ് ഓഫീസര്‍ക്ക് തുണയാകുന്നതും നവമാധ്യമങ്ങളിലൂടെയുള്ള ശക്തമായ പിന്‍തുണയാണ്.

വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചവരുടെ പാനലില്‍ നിന്നാണ് പുരസ്‌കാര ജേതാവിനെ വോട്ടിങ്ങിലൂടെ തെരെഞ്ഞെടുക്കുന്നത്. സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം രാജ്യത്തിന് മാതൃകയായി നടപ്പാക്കിയതാണ് വിജയനെ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്.

രാജ്യത്ത് ഒറ്റയാന്‍മാരായി പൊരുതി മുന്നേറി കരുത്ത് തെളിയിച്ച മുഖ്യമന്ത്രിമാരുടെയും ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെയും പട്ടികയില്‍ ഉള്‍പ്പെട്ട ഈ സാധാരണക്കാരനായ ഐപിഎസുകാരന്‍ ഇത്രയധികം ജനപ്രീതി പിടിച്ചുപറ്റി മുന്നോട്ട് വരുമെന്ന് ചാനല്‍ അധികൃതര്‍ പോലും കരുതിയില്ലെന്നതാണ് സത്യം.

Top