തെരുവുനായയുടെ കടിയേറ്റ മൂന്നുവയസുകാരന് സഹായഹസ്തവുമായി മമ്മൂട്ടി

കൊച്ചി: കോതമംഗലത്തു തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായമായി നടന്‍ മമ്മൂട്ടി. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി തന്റെ ജന്മദിനംകൂടിയായ ഇന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തെരുവ് നായ് കടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്കു 1.45-നാണ് വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്കു തെരുവു നായുടെ ആക്രണം ഉണ്ടായത്. വരാന്തയില്‍നിന്നു നായ കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേയ്ക്കിട്ടു തുടരെ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മയും മുത്തശിയും ഓടിയെത്തിയപ്പോള്‍ മുറ്റത്തിട്ടു നായ കുഞ്ഞിനെ കടിച്ചു കീറുന്നതാണു കണ്ടത്. ആക്രമണത്തില്‍ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം കൂട്ടി ഒരുവിധത്തില്‍ നായയെ തുരത്തി. രക്തത്തില്‍ കുളിച്ച കുട്ടിയെ കോരിയെടുത്തു സമീപവാസികള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കണ്ണിനും മുഖത്തുമുള്ള പരിക്കു ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരാമായ പരിക്കേറ്റിറ്റുണ്ട്. ഇടതു കണ്ണിന്റെ ഞരമ്പിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ തെരുവു നായ്ക്കളെ കൊല്ലാന്‍ വേണ്ടി എറണാകുളം ജില്ലാ പഞ്ചായത്ത് അധികൃതര്‍ രംഗത്ത് വന്നപ്പോള്‍ ‘പട്ടിപ്രേമ’ത്തിന്റെ പേരില്‍ യോഗസ്ഥലത്ത് ഇടിച്ചു കയറി രഞ്ജിനി ഹരിദാസും സംഘവും യോഗം അലങ്കോലമാക്കിയിരുന്നു.

Top