വാഗ്ദാനം പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍; ദാവൂദ് വിഷയത്തില്‍ കള്ളക്കളി തുടരുന്നു

ന്യൂഡല്‍ഹി: അധോലോക നായകനും മുംബൈ സ്‌ഫോടന കേസ് പ്രതിയുമായ ദാവൂദ് ഇബ്രാഹിമിനെ പിടികൂടുമെന്ന നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കളി തുടരുന്നു.

ദാവൂദ് എവിടെയെന്ന് അറിയില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ദാവൂദ് പാക്കിസ്ഥാനിലാണെന്ന് വിശദീകരണം നല്‍കി നിലപാട് തിരുത്തി. ഇതുസംബന്ധിച്ച വ്യക്തമായ രേഖകള്‍ പാകിസ്ഥാനു നല്‍കിയതാണ്. എന്നാല്‍, ദാവൂദിനെ കണ്ടെത്താന്‍ അവര്‍ ശ്രമിച്ചില്ലെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

1993ലെ മുംബയ് സ്‌ഫോടന കേസ് പ്രതിയായ ദാവൂദിനായി ഇന്ത്യ 1996ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍പോളും ഐക്യാരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ 2006ലും പ്രത്യേക നോട്ടീസ് ഇറക്കി.

ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് തെളിയിക്കുന്ന പാകിസ്ഥാനി പാസ്‌പോര്‍ട്ട്, അവിടുത്തെ വിലാസം തുടങ്ങിയ വിശ്വസനീയമായ വിവരങ്ങള്‍ ഇന്ത്യയുടെ കൈയിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ദാവൂദിനെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാന്‍ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്.

എന്നാല്‍ ദാവൂദിനെ കണ്ടെത്തുന്നതിലും നിയമ നടപടി സ്വീകരിക്കുന്നതിലും പാകിസ്ഥാന്‍ വീഴ്ച വരുത്തി. ദാവൂദിനെയും മറ്റ് ഭീകരരെയും കൈമാറാന്‍ പാകിസ്ഥാന് ബാദ്ധ്യതയുണ്ടെന്ന് തുടര്‍ന്നും അറിയിച്ചുകൊണ്ടിരിക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍വതിഭായി ചൗധരി ചോദ്യത്തിനു മറുപടിയായി ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഉറപ്പായാലേ നടപടികള്‍ തുടങ്ങാനാകൂ എന്ന് പറഞ്ഞത് വിവാദമായിരുന്നു.

ദാവൂദിനെ ഇന്ത്യയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദി ഇപ്പോള്‍ മലക്കം മറിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷം അതേറ്റെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സഭയില്‍ പ്രസ്താവന നടത്തിയത്.

അതേസമയം, ദാവൂദ് പാകിസ്ഥാനിലില്ലെന്ന് പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് ലക്‌നൗവിലെ ഒരു പത്രസമ്മേളനത്തിനിടെ പറഞ്ഞു.ദാവൂദിനെ പടിക്കാന്‍ അമേരിക്കന്‍ കമാന്‍ഡോ സംഘം ബില്‍ ലാദനെ പിടികൂടി വധിച്ച മാതൃകയിലെ ഓപ്പറേഷന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ നേരത്തെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.

ദാവൂദിനെ വിട്ടു കിട്ടുന്നതിന് പാക്കിസ്ഥാനു മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താനും ഇതുവരെ നരേന്ദ്രമോഡി ശ്രമിച്ചിട്ടില്ല. ഇപ്പോഴും ഇന്ത്യയില്‍ കോടികളുടെ വ്യവസായവും ബോളിവുഡ് സിനിമാവ്യവസായവും നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണ്. ബോളിവുഡ് താരങ്ങളുമായി ദുബായില്‍ ദാവൂദ് കൂടിക്കാഴ്ച നടത്തുന്നത് പലപ്പോഴും വാര്‍ത്തയായിരുന്നു.

Top