തെരഞ്ഞെടുപ്പ് കേസ്: തരൂര്‍ ഹാജരായി

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ തെരഞ്ഞെടുപ്പു കേസില്‍ ഹൈക്കോടതിയില്‍ ഹാജരായി. ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് പി. ഭവദാസന്‍ തരൂരിന്റെ വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കി. ഈ മാസം 30നു വാദം ആരംഭിക്കും.
തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോല്‍ നല്‍കിയ സ്വത്തു വിവരപ്പട്ടികയില്‍ സുനന്ദ പുഷ്‌കറിന്റെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി എസ്. സുരേഷ് നല്‍കിയ തെരഞ്ഞെടുപ്പു ഹര്‍ജിയിലാണ് തരൂര്‍ കോടതിയില്‍ നേരിട്ടു ഹാജരായി വിസ്താരത്തിനു വിധേയനായത്.
സുനന്ദയുടെ പേരില്‍ ബാങ്കില്‍ എത്ര പണമുണ്ടെന്നോ, വിദേശത്ത് എത്ര ബാങ്കുകളില്‍ അവര്‍ക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നോ അറിയില്ലെന്നും തരൂര്‍ കോടതിയില്‍ ബോധിപ്പിച്ചു. ദുബായിലെ ബാങ്ക് ലോക്കറില്‍ ആഭരണങ്ങളോ വിദേശ വാച്ചുകളുടെ ശേഖരമോ ഉള്ളതായി അറിവില്ല. ഭാര്യയുടെ സ്വത്തുക്കളുടെ വിവരം മരിക്കുന്നതുവരെ ചോദിച്ചിട്ടില്ലെന്നും തരൂര്‍.

Top