തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് യു.ഡി.എഫ് യോഗം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് സജ്ജമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഘടകകക്ഷികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മീഷനുമായി ഏറ്റുമുട്ടല്‍ വേണ്ടെന്നും രാഷ്ട്രീയമായി തന്നെ നേരിടുകയാണ് വേണ്ടതെന്നുമാണ് യോഗത്തിലുയര്‍ന്ന പൊതുനിലപാട്.

കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടു. തുടര്‍ന്ന് ജെ.ഡി.യുവിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാനായി ഉഭയകക്ഷി ചര്‍ച്ചനടത്താനും തീരുമാനിച്ചു.

ജെ.ഡി.യുവിന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇത് ഏത് ജില്ലയില്‍ വേണമെന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്ന് തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലീഗ് അതൃപ്തി അറിയിച്ചു. തുടര്‍ന്ന് ലീഗുമായി ഉഭയകക്ഷി ചര്‍ച്ചനടത്താനും തീരുമാനമായി. യു.ഡി.എഫിലെ ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും ചര്‍ച്ചകളുണ്ടാകും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷകളുമായുള്ള സീറ്റ് ചര്‍ച്ച ആദ്യം നടത്തും. അത് കഴിഞ്ഞ ശേഷമായിരിക്കും കോണ്‍ഗ്രസിലെ ചര്‍ച്ചകളെന്നും തങ്കച്ചന്‍ പറഞ്ഞു.

Top