തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.വി.എം വിതരണം ചെയ്യുന്ന ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും നേടിയ വിവരാവകാശ മറുപടികളിലാണ് 116 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. ഈ കാലയളവില്‍ ആകെ സപ്ലൈ ചെയ്തത് 19,69,932 ഇ.വി.എമ്മുകളാണ്. പക്ഷെ കമ്മിഷന്റെ കണക്കില്‍ വെറും 10,05,662 മാത്രമാണ്. ഇ.സി.ഐ വിതരണം ചെയ്തത് 19,44,593. പക്ഷേ കമ്മിഷന്റെ പക്കലുള്ളത് 10,14,644 ഉം. രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി ഇ.വി.എം വാങ്ങിയ ഇനത്തില്‍ ലഭിച്ചു. പക്ഷെ, കമ്മിഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടിയാണ്. 116 കോടി രൂപ അധികം.

വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതും മടക്കി വാങ്ങുന്നതുമായ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കൃത്യമായ കണക്കുകളില്ല, കേടായതും കാലഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ നശിപ്പിച്ചതിനും രേഖകളില്ലന്നും വോട്ടിങ് യന്ത്രങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി.

വിവരാവകാശ മറുപടികളുടെ പശ്ചാത്തലത്തില്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് മനോരഞ്ജന്‍ റോയ്. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നോട്ടീസയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും.

Top