തെരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ ബി.ജെ.പി പ്രബല ശക്തിയാകുമെന്ന് യോഗേന്ദ്ര യാദവ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിഹാറില്‍ ബി.ജെ.പി പ്രബല ശക്തിയായി മാറുമെന്ന് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ്. ആരു ജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. ഫലം എന്തായാലും ബി.ജെ.പി ബിഹാറില്‍ മുഖ്യ രാഷ്ട്രീയ ശക്തിയായി മാറും. ഇതുവരെ ബിഹാര്‍ എന്തായിരുന്നോ അതില്‍ നിന്നൊരു മാറ്റമായിരിക്കും ഇനി കാണാന്‍ പോവുന്നത്. ബി.ജെ.പിയും മറ്റ് പാര്‍ട്ടികളും എന്ന രീതിയില്‍ മത്സരരംഗം മാറിയിരിക്കുന്നുവെന്നും യാദവ് പറഞ്ഞു.

എല്ലാ കക്ഷികളും ബി.ജെ.പിക്കെതിരായാണ് രംഗഗത്തുവന്നിരിക്കുന്നത്. ഇത് ബി.ജെ.പിയെ വിജയിപ്പിക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ ബി.ജെ.പി വിജയിച്ചാല്‍ അത് വന്‍ ദുരന്തമായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലുണ്ടായ സാമൂഹ്യനീതിയുടെ അട്ടിമറിയാകും ബിഹാറില്‍ നടക്കുകയെന്നും യാദവ് ചൂണ്ടിക്കാട്ടി. ഈ അവസ്ഥക്ക് ഉത്തരവാദി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവുമാണെന്നും യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി. ബിഹാറില്‍ ബി.ജെ.പി വരാന്‍ കാരണം ഇരുനേതാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു.

ലാലുപ്രസാദ് യാദവിന്റെ ആദ്യ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ രണ്ടാമത്തെയും മൂന്നാമത്തെയും സര്‍ക്കാറുകള്‍ ശാപമായിരുന്നു. സംസ്ഥാനത്ത് ഒന്നും സംഭവിച്ചില്ല; സംഭവിക്കാന്‍ അനുവദിച്ചതുമില്ല. സാമൂഹ്യനീതി ജാതിക്കാരുടെ കൈകളിലാണ്. ബി.ജെ.പിയില്‍ 80 ശതമാനവും ഉയര്‍ന്ന ജാതിക്കാരാണ്. നേതൃസ്ഥാനത്തിരിക്കുന്ന അവരുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയിലെ താഴ്ന്ന ജാതിക്കാര്‍ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.

Top