തൃശൂര്‍ പോലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധനത്തിനെതിരെ എം ബി രാജേഷ്

തൃശൂര്‍: കേരള പോലീസിന്റെ തൃശൂരിലെ അക്കാദമിയിലും ബീഫിന് അപ്രഖ്യാപിത നിരോധനം. അക്കാദമി കാന്റീനിലെ ഭക്ഷണവിഭവങ്ങളില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് എംബി രാജേഷ് എംപി രംഗത്ത് എത്തി.

കഴിഞ്ഞ ഒന്നരവര്‍ഷമായി അക്കാദമിയിലെ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയിരിക്കുകയാണ്. ഇവിടുത്ത പര്‍ച്ചേസ് രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മുന്‍പ് ആഴ്ചയില്‍ രണ്ടു വീതം ദിവസങ്ങളില്‍ ബീഫും ചിക്കനും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും എംബി രാജേഷ് എംപി വ്യക്തമാക്കി.

ആര്‍എസ്എസിന്റെ ബീഫ് വിരുദ്ധപ്രചാരണം ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്രകാരം ഒരു തീരുമാനമെടുത്തതെന്ന് രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് മുന്നില്‍ തലകുനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും രാജേഷ് വിമര്‍ശിക്കുന്നു.

ആര്‍എസ്എസ് നിലപാട് പോലീസിലും അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് ലജ്ജാകരമാണ്. നിലപാട് തിരുത്താനും ബീഫിനുള്ള അപ്രഖ്യാപിത വിലക്ക് പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും എം.ബി.രാജേഷ് ആവശ്യപ്പെട്ടു.

Top