തുര്‍ക്കി പൊതുതിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ അക് പാര്‍ട്ടിക്ക് വന്‍ വിജയം

അങ്കാറ: തുര്‍ക്കിയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അക് പാര്‍ട്ടിക്ക് ജയം. പ്രധാനമന്ത്രിയായി അഹമ്മദ് ദവൂദ് ഒഗ്ലു സത്യപ്രതിജ്ഞ ചെയ്യും.

കഴിഞ്ഞ ജൂണ്‍ ഏഴിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്കോ മുന്നണിക്കോ ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്നാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വന്നത്. അക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചുവെങ്കിലും മറ്റു പാര്‍ട്ടികളുടെ നിസ്സഹകരണം മൂലം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.

49.4 ശതമാനം വോട്ടാണ് അക് പാര്‍ട്ടിക്ക് കിട്ടിയത്. അക് പാര്‍ട്ടിക്ക് 40 മുതല്‍ 43 ശതമാനം വോട്ട് ലഭിക്കുമെന്നായിരുന്നു സര്‍വ്വേ പ്രവചനങ്ങള്‍. പ്രധാനപ്രതിപക്ഷമായ സി എച്ച് പി ക്ക് 25.4 ശതമാനം വോട്ടാണ് ലഭിച്ചത്. കുര്‍ദ്ദിഷ് അനുകൂല പാര്‍ട്ടിയായ എച്ച് ഡി പി 10 ശതമാനം വോട്ട് നേടി പാര്‍ലമെന്റില്‍ സീറ്റ് നേടി.

13 വര്‍ഷത്തിന് ശേഷമാണ് തുര്‍ക്കിയില്‍ ഒരു പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനാകുന്നത്.

ജനാധിപത്യത്തിന്റേയും ജനങ്ങളുടേയും വിജയമാണിതെന്ന് ദവൂദ് ഒഗ്ലു പറഞ്ഞു. രാജ്യത്ത് പുതിയ ഭരണഘടനാ രൂപീകരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും ദവൂദ് ഒഗ്ലു പറഞ്ഞു.

Top