തുടര്‍ച്ചയായ രണ്ടാം മാസവും വില്‍പ്പനയില്‍ ഇക്കോസ്‌പോര്‍ടിനെ കടത്തിവെട്ടി ടിയുവി

ഫോഡ് ഇക്കോസ്‌പോര്‍ടിന് മഹീന്ദ്ര ടിയുവി 300 വെല്ലുവിളിയാകുന്നു. തുടര്‍ച്ചയായ രണ്ടാം മാസവും ഇക്കോസ്‌പോര്‍ടിനെക്കാള്‍ വില്‍പ്പന നേടിയിരിക്കുകയാണ് മഹീന്ദ്രയുടെ കോംപാക്ട് എസ് യുവി. ഒക്ടോബറില്‍ 4,551 എണ്ണമായിരുന്നു ടിയുവി 300 യുടെ വില്‍പ്പന. ഇതേ മാസം ഇക്കോസ്‌പേര്‍ടിന്റെ വില്‍പ്പന 3,417 എണ്ണത്തില്‍ ഒതുങ്ങി. സെപ്റ്റംബറില്‍ ടിയുവി 300 4,313 എണ്ണവും ഇക്കോസ്‌പേര്‍ട് 3,142 എണ്ണവുമാണ് വില്‍പ്പന നടന്നത്.

ഓഫ് റോഡ് മികവ് , രൂപഭംഗി , കൂടിയ ഇന്റീരിയര്‍ സ്‌പേസ് , ആകര്‍ഷകമായ വില, ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്നിവയാണ് ടിയുവി 300 യ്ക്ക് കൂടുതല്‍ വില്‍പ്പന നേടിക്കൊടുക്കുന്നത്.

സെപ്റ്റംബര്‍ 10 നാണ് ഏഴ് സീറ്റര്‍ കോപാംക്ട് എസ് യുവിയായ ടിയുവി 300 വിപണിയിലെത്തിയത്. പുതിയ 1.5 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് എസ്!യുവിയ്ക്ക് കരുത്ത് പകരുന്നത്. രണ്ട് സ്റ്റേജ് ടര്‍ബോചാര്‍ജറുള്ള എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും നല്‍കും.

ക്ലച്ച് ഉപയോഗിക്കാതെ, അനായാസം ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോഷിഫ്ട് ടെക്‌നോളജി ( ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ) യും ടിയുവിയ്ക്കുണ്ട്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സും ലഭ്യമാണ്. ലീറ്ററിന് 18.49 കിലോമീറ്റര്‍ മൈലേജാണ് ടിയുവി 300 യ്ക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത്.

ടിയുവിയുടെ എഎംടി വകഭേദത്തിനാണ് ഏറെ ആവശ്യക്കാരുളളത്. ലഭിച്ച ബുക്കിങ്ങിന്റെ 50 ശതമാനവും എഎംടി വകഭേദത്തിനാണ്. ഇതിനോടകം 12,000 ലേറെ ബുക്കിങ്ങാണ് ടിയുവിയ്ക്ക് ലഭിച്ചിട്ടുള്ളത്.

ടിയുവിയുടെ മുന്നേറ്റം കണ്ട് ആധിപൂണ്ട്, ഇക്കോസ്‌പോര്‍ടിന് ഫോഡ് ഇന്ത്യ ആകര്‍ഷകമായ പലിശനിരക്കുള്ള വായ്പാപദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 8.99 ശതമാനം വാര്‍ഷികപലിശനിരക്കിലാണ് വായ്പ. അറുപത് മാസം വരെയാണ് വായ്പാ കാലാവധി.

Top