തീവ്രവാദ ബന്ധമെന്ന് സംശയം; ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തി

ബ്രിട്ടനില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് ബ്രിട്ടീഷ് പെണ്‍കുട്ടികള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി. ഒരേ സ്‌കൂളിലെ അഞ്ചു പേരെയാണ് യാത്ര ചെയ്യുന്നതിന് കോടതി വിലക്കിയിട്ടുള്ളത്. ബെത്‌നല്‍ ഗ്രീന്‍ അക്കാദമിയിലെ പെണ്‍കുട്ടികള്‍ക്കാണ് കോടതി കൂച്ചുവിലങ്ങിട്ടത്.

ഇതേ സ്‌കൂളിലെ തന്നെ മൂന്നു പേര്‍ ഐഎസില്‍ ചേരുവാനായി രാജ്യം വിട്ടിരുന്നു. ഇവരുടെ കൂട്ടു കൂടി ഈ അഞ്ചു പേരും പോകാന്‍ സാധ്യതയുള്ളതിനാലാണ് ഇവര്‍ക്ക് കോടതി യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റിനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയ കുട്ടികളുടെ സ്വഭാവം അധ്യാപകര്‍ കണ്ടെത്തുകയായിരുന്നു. ഈസ്റ്റ് ലണ്ടനിലെ ബെത്‌നല്‍ അക്കാദമിയില്‍ നിന്നു തന്നെയായിരുന്നു ഇതിനു മുമ്പ് മൂന്നു പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുവാന്‍ സിറിയയിലേക്ക് ചേക്കേറിയത്.
യാത്രവിലക്ക് ഏര്‍പ്പെടുത്തിയ മൂന്നു പേര്‍ക്ക് 16 വയസ്സും രണ്ടു പേര്‍ക്ക് 15 വയസ്സുമാണ്. ഇവരുടെയെല്ലാം പാസ്സ്‌പോര്‍ട്ടുകള്‍ കോടതിയില്‍ പിടിച്ചു വച്ചിരിക്കുകയാണ്.

ബ്രിട്ടീഷ് ജിഹാദിസ്റ്റുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍,. നിരവധി ആളുകളാണ് യുകെയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുന്നതിനായി രാജ്യം വിട്ടു പോകുന്നത്. ഇറാക്ക്, സിറിയ എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം ആളുകളും തീവ്രവാദികളാകുവാന്‍ പോകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചെയര്‍മാന്‍ കെയ്ത്ത് വാസ് രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്.

Top