തീവ്രവാദ പ്രവണതകള്‍ ഒന്നിച്ച് നിന്ന് നേരിടാന്‍ ഡി.ജി.പിമാരുടെ യോഗത്തില്‍ തീരുമാനം

police

തിരുവനന്തപുരം: കേരളം, കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുടെ പൊതു അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീവ്രവാദ പ്രവണതകള്‍ തടയുന്നതിനും കര്‍ശന നടപടി സ്വീകരിക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗത്തില്‍ തീരുമാനം.

കേരളാ പോലീസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ചേര്‍ന്നത് മാവോയിസ്റ്റ് തീവ്രവാദം, മതതീവ്രവാദം തുടങ്ങിയ സാമൂഹിക വിപത്തുകള്‍ തടയുന്നതിനും ക്രമസമാധാനരംഗം ശക്തിപ്പെടുത്തുന്നതിനുമാണ്.

മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരസ്പര സഹകരണം ഉറപ്പാക്കും. ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജന്‍സ് സെക്യൂരിറ്റി എഡിജിപിമാര്‍ ഏകോപന ചുമതല നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തവും സഹകരണവും ഇക്കാര്യത്തില്‍ അഭ്യര്‍ഥിക്കാനും യോഗത്തില്‍ തീരുമാനമായി.

സാമൂഹിക തിന്മക്കെതിരെ സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനു സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ കേരളാ പോലീസ് മേധാവി ലോക്നാഥ് ബെഹറ പറഞ്ഞു. പോലീസ് തലത്തിലുള്ള പല തടസ്സങ്ങളും നീക്കാന്‍ യോഗം ഉപകാരപ്രദമായിരുന്നെന്നു തെലങ്കാന ഡിജിപി.അനുരാഗ് ശര്‍മ്മ വിലയിരുത്തി.

തെലുങ്കാന, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവികളും, മനുഷ്യാവകാശ സംഘടന മേധാവികളും, ലക്ഷദ്വീപില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഡിജിപിമാരായ എ.ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, ബി.എസ്. മുഹമ്മദ് യാസിന്‍, എഡിജിപിമാരായ ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന്‍, ടി.കെ.വിനോദ്കുമാര്‍, ഐജിമാരായ മനോജ് എബ്രഹാം, ജി. ലക്ഷ്മണ്‍, ദിനേന്ദ്ര കശ്യപ്, എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം എആര്‍ ക്യാമ്പില്‍ നടന്ന ഓണസദ്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.

Top