നിറം മാറുന്ന തീവ്രവാദികള്‍; ഭീകരാക്രമണ ഭീഷണിയുടെ മുള്‍മുനയില്‍ ഒരു വര്‍ഷം

മെല്‍ബണ്‍: തീവ്രവാദങ്ങളുടെ സ്വഭാവം മാറിവരുന്നതായും ലോകത്ത് ഈ വര്‍ഷം അവസാനത്തോടെ തീവ്രവാദ ആക്രമണം വിവിധ രൂപം പ്രാപിക്കുമെന്നും ഓസ്‌ട്രേലിയയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്തിടെ പാരീസിലും ബെല്‍ജിയത്തിലും സിഡ്‌നിയിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനൊരു നിഗമനത്തിലെത്തിയത്.

ഈ വര്‍ഷം തീവ്രവാദത്തിന്റെ വര്‍ഷമാണെന്നും വര്‍ഷം തീരുന്നതിന് മുമ്പ് ലോകമെമ്പാടും ചെറിയ ചെറിയ തീവ്രവാദ ആക്രമണങ്ങള്‍ സംഭവിക്കുമെന്നും ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധന്‍ ക്ലാര്‍ക്ക് ജോണ്‍സ് പറഞ്ഞു. ലോകത്ത് തീവ്രവാദ ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 12 മാസമായി തീവ്രവാദത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വിവിധ തരത്തിലുള്ള തീവ്രവാദ ആക്രമണങ്ങള്‍ ഇപ്പോള്‍ കണ്ടുവരുന്നതായും ക്ലാര്‍ക്ക് ജോണ്‍സ് പറഞ്ഞു.

ഈ വര്‍ഷം ആദ്യം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. പാരീസിലെ ഷാര്‍ളി എബ്ദോ വാരികയ്ക്ക് നേരെ നടന്ന ആക്രമണമായിരുന്നു ഇതില്‍ ഏറ്റവും ഭീകരം. ഈ വര്‍ഷം തീരുന്നതിന് മുമ്പ് ഇതേ പോലെ ലോകം മുഴുവന്‍ വിവിധ തരത്തിലുള്ള ആക്രമണമുണ്ടാകുമെന്നാണ് സൂചന.

Top