തീവ്രവാദത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം പോരാടുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കാശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്നും അമേരിക്ക വ്യക്തമാക്കി. ’13 പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ജമ്മു കാശ്മീരില്‍ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന് നാല് ദിവസം ശേഷിക്കേ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ എട്ട് സൈനികരും മൂന്നു പൊലീസുകാരുമടക്കം 18 പേരാണ് കൊല്ലപ്പെട്ടത്. സൈന്യം ആറു ഭീകരരെ വെടിവച്ചു കൊന്നിരുന്നു.

തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീര്‍ വേദനിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

കാശ്മീരിലുണ്ടാകുന്ന ഏത് ആക്രമണത്തെ കുറിച്ചും ഞങ്ങള്‍ ഉത്കണ്ഠാകുലരാണ്. കാശ്മീര്‍ വിഷയത്തിലെ ഞങ്ങളുടെ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ച നടത്തുന്നതായിരിക്കും ഈ വിഷയം പരിഹരിക്കാനുള്ളമാര്‍ഗമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.

Top