തീവ്രവാദത്തിനെതിരായ ആക്രമണങ്ങള്‍ ഇസ്ലാമിനെതിരായ ആക്രമണമല്ല: ഒബാമ

വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്കെതിരായ ആക്രമണം എന്നാല്‍ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണമെന്നല്ല അര്‍ത്ഥമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിയമസാധുത നല്‍കുന്ന മതങ്ങളുടെ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ വൈറ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല സമിതിയില്‍ സംസാരിക്കവെയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിനെ വഴിപിഴപ്പിച്ചവര്‍ക്കെതിരെയുള്ള യുദ്ധത്തിലാണ് തങ്ങളെന്നും ഒബാമ വ്യക്തമാക്കി.

വിശ്വാസത്തിന്റെ പേരില്‍ ഒരു മതത്തേയും അധിക്ഷേപിക്കരുത്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളില്‍ ഇസ്ലാം മത നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. മതങ്ങളല്ല, ജനങ്ങളാണ് തീവ്രവാദത്തിന്റെ ഉത്തരാവദികളെന്നും ഒബാമ പറഞ്ഞു.

അരമണിക്കൂര്‍ നേരത്തെ തന്റെ പ്രസംഗത്തില്‍ ഒബാമ തീവ്രവാദത്തെ അടിച്ചമര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. വൈസ് പ്രസിഡന്റ് ജോ ബൈഡനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ലോകവ്യാപകമായി തീവ്രവാദ ഗ്രൂപ്പുകള്‍ ശക്തിപ്രാപിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഒബാമ മതങ്ങളെ ന്യായീകരിച്ച സംസാരിച്ചത്. കഴിഞ്ഞ ദിവസം ലിബിയയില്‍ 21 ക്രിസ്ത്യാനികളുടെ തലയറുത്ത് ഐഎസ് ഭീകരര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.

Top