തിരിച്ചും മറിച്ചും വിളിക്കാവുന്ന ഫോണുമായി പാനസോണിക് എല്യൂഗ സ്വിച്ച് എത്തി

തിരിച്ചും മറിച്ചും വിളിക്കാവുന്ന സൗകര്യവുമായൊരു സ്മാര്‍ട്‌ഫോണ്‍ പാനസോണിക് അവതരിപ്പിച്ചിരിക്കുന്നു. ഫോണ്‍ ഡിസ്‌പ്ലേയുടെ രണ്ട് വശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സ്പീക്കറിന്റെയും മൈക്രോഫോണിന്റെയും സഹായത്തോടെയാണ് ഹാന്‍ഡ്‌സെറ്റ് തിരിച്ചും മറിച്ചും പിടിച്ച് വിളിക്കാന്‍ കഴിയുന്നത്. ഫോണ്‍ തലതിരിച്ചു പിടിക്കുന്നതിനനുസരിച്ച് ഡിസ്‌പ്ലേയും മാറുന്നു.

എല്യൂഗ സ്വിച്ച് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലും വില്പനയ്‌ക്കെത്തി. ആമസോണ്‍ വഴി വില്‍ക്കുന്ന ഫോണിന് 19,990 രൂപയാണ് വില.

ഈ സംവിധാനം കൊണ്ടെന്താണ് നേട്ടമെന്നു ചോദിച്ചാല്‍ പെട്ടെന്നൊരു ഉത്തരം പറയാന്‍ സാധിക്കില്ല. എല്ലാ ഫോണുകളും ഒരേപോലെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത് തിരിച്ചും മറിച്ചും ഉപയോഗിക്കാമെന്ന് മാത്രം. വെറൈറ്റി ഇഷ്ടപ്പെടുന്ന പുതുതലമുറയെ ആകര്‍ഷിക്കുക എന്നത് തന്നെയാകും പാനസോണിക് ഉദ്ദേശിക്കുന്നത്.

തിരിച്ചും മറിച്ചും വിളിക്കാമെന്നതുമാത്രമല്ല പാനസോണിക് എല്യൂഗ സ്വിച്ചിന്റെ ആകര്‍ഷണം. ഡിസ്‌പ്ലേ മികവിലും ഹാര്‍ഡ്‌വേര്‍ ശേഷിയിലുമൊക്കെ ഈ ഫോണ്‍ മുന്നിട്ട് നില്‍ക്കുന്നു. 1080ത1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. അസാഹി ഡ്രാഗണ്‍ ട്രെയില്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ച ഡിസ്‌പ്ലേയില്‍ പോറലേല്‍ക്കാത്ത തരത്തിലുളള ഒലിയോഫോബിക് കോട്ടിങുമുണ്ട്.

1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസര്‍, രണ്ട് ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് എല്യൂഗ സ്വിച്ചിന്റെ സാങ്കേതികവിശദാംശങ്ങള്‍. 32 ജി.ബി. ഇന്റേണല്‍ മെമ്മറിയുള്ളതുകൊണ്ടാകാം ഈ ഫോണില്‍ എസ്.ഡി. കാര്‍ഡ് സൗകര്യമില്ല.

എല്‍.ഇ.ഡി. ഫ്‌ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറ എന്നിവയും ഫോണിലുണ്ട്. കണക്ടിവിറ്റിക്കായി 4ജി എല്‍.ടി.ഇ., 3ജി, യു.എസ്.ബി. ഒ.ടി.ജി., വൈഫൈ, ജി.പി.എസ്./എജി.പി.എസ്., ബ്ലൂടൂത്ത് 4.1, ആന്‍ഡ്രോയ്ഡ് ബീം, എന്‍.എഫ്.സി. തുടങ്ങി എല്ലാവിധ സംവിധാനങ്ങളും ഉണ്ട്. ഹൈഫൈ സൗണ്ടും 3ഡി ഓഡിയോയും സമ്മാനിക്കുന്ന ജെ.ബി.എല്ലിന്റെ 1.2 വാട്ട് ഡ്യുവല്‍ ഫ്രണ്ട് സ്പീക്കറുകളാണ് ഫോണിലുള്ളത്. ഫോണിനൊപ്പം ജെ.ബി.എല്ലിന്റെ ഹെഡ്‌സെറ്റുകളും ലഭിക്കും.

ഗണ്‍മെറ്റല്‍ കൊണ്ട് നിര്‍മിച്ച ചട്ടക്കൂടോടെ വരുന്ന ഫോണിന് 141 ഗ്രാമാണ് ഭാരം. 2910 എം.എ.എച്ച്. ശേഷിയുള്ള ലിഅയണ്‍ ബാറ്ററി ഫോണിന് വേണ്ട ഊര്‍ജം സംഭരിക്കുന്നു. തുടക്കത്തില്‍ ആമസോണ്‍ വെബ്‌സൈറ്റ് വഴി മാത്രമാണ് വില്പനയെങ്കിലും, ആഴ്ചകള്‍ക്കുള്ളില്‍ രാജ്യം മുഴുവനുമുളള പാനസോണിക്ക് ഷോറൂമുകളില്‍ എല്യൂഗ സ്വിച്ച് എത്തും.

Top