നടേശനും എസ്എന്‍ഡിപി യോഗത്തിനും തിരഞ്ഞെടുപ്പ് വിധി അഗ്‌നിപരീക്ഷണമാകും

തിരുവനന്തപുരം: വരുന്ന നിയസഭാ തിരഞ്ഞെടുപ്പ് വിധി വെള്ളാപ്പള്ളിക്ക് അഗ്‌നിപരീക്ഷണമാകും.

പ്രതിസന്ധികള്‍ മറികടന്ന് ഇടതുമുന്നണി അധികാരത്തില്‍ വന്നാലും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അത് വെള്ളാപ്പള്ളിയെ സംബന്ധിച്ച് നിലനില്‍പ്പിനു തന്നെ ഭീഷണിയാകും.

ബിജെപി ആര്‍എസ്എസ് വിഭാഗങ്ങളുമായി കൂട്ടുചേര്‍ന്ന് പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാന്‍ എസ്എന്‍ഡിപി യോഗത്തെ രാഷ്ട്രീയ കരുവാക്കിയ വെള്ളാപ്പള്ളിയെ ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ പാഠം പഠിപ്പിക്കാനാണ് സിപിഎം തീരുമാനം. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപിയും കൈവിടും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയെ പിണക്കി ‘കളം’ മാറ്റിച്ചവിട്ടാന്‍ ശ്രമിച്ചാലും പുലിവാലാകും. എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കംടാക്‌സും സിബിഐയും കൈയിലുള്ള കേന്ദ്ര നേതൃത്വത്തെ പിണക്കിയാല്‍ അത് ഏത് രൂപത്തിലാകും തിരിച്ചടിയായി മാറുകയെന്നതും വെള്ളാപ്പള്ളിയുടെ മുന്നിലുള്ള ഒരു പ്രശ്‌നമാണ്.

അഴിമതി ആരോപണങ്ങളിലും ശാശ്വതീകാനന്ദ സ്വാമിയുടെ ദുരൂഹ മരണത്തിലും പ്രതിസ്ഥാനത്തു നില്‍ക്കുന്ന വെള്ളാപ്പള്ളി നിറം മാറിയാലും ഇനി അടുപ്പിക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടിലാണ് സിപിഎം.

പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ വച്ച് അന്വേഷിപ്പിക്കുമെന്നാണ് സിപിഎം നേതൃത്വത്തില്‍ നിന്നു ലഭ്ക്കുന്ന വിവരം.

അഴിമതി ആരോപണത്തോടൊപ്പം ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദങ്ങളുമുയര്‍ന്നതിനാല്‍ അസംതൃപ്തരായ എസ്എന്‍ഡിപിയിലെയും എസ് എന്‍ ട്രസ്റ്റിലെയും മറ്റ് നേതാക്കളെ അടര്‍ത്തിയെടുത്ത് വെള്ളാപ്പള്ളിയെ നേതൃസ്ഥാനത്തുനിന്നും തെറുപ്പിക്കാനുള്ള നീക്കങ്ങളും സിപിഎം നേൃത്വത്തിന്റെ ഭാഗത്തുനിന്നും തുടങ്ങിയിട്ടുണ്ട്.

സമുദായ നേതാവ് എന്ന പദവിക്കപ്പുറം രാഷ്ട്രീയ താല്‍പര്യം വെള്ളാപ്പള്ളിക്ക് വന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ‘ദുര്‍വിധി’ക്ക് കാരണമെന്ന അഭിപ്രായം വെള്ളാപ്പള്ളിയെ അനുകൂലിക്കുന്ന വിഭാഗത്തിലും ഇപ്പോള്‍ ശക്തമാണ്.

പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുബാങ്കായ പിന്നോക്ക വിഭാഗത്തെ ഭിന്നിപ്പിക്കാനും ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തിന് കേരളത്തില്‍ സ്വീകാര്യതയുണ്ടാക്കാനും ബിജെപിയോടുള്ള എസ്എന്‍ഡിപി യോഗത്തിന്റെ സമീപനം വഴി ശ്രമം നടന്നതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

അപകടം തിരിച്ചറിഞ്ഞ സിപിഎം നേതൃത്വം പ്രതിപക്ഷ നേതാവ് വിഎസിനെ മുന്‍നിര്‍ത്തി നടത്തിയ ആക്രമണത്തിന്റെ പരിണിതഫലമാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയേയും ബിജെപിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

അതേസമയം വെള്ളാപ്പള്ളി സഖ്യത്തെ എതിര്‍ക്കുന്ന നല്ലൊരു വിഭാഗം ബിജെപി നേതാക്കള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ മനസാ സന്തോഷിക്കുന്നുണ്ട് എന്നതും സത്യമാണ്. നിലവിലെ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുമായി കൂട്ടുകൂടുന്നത് വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന ആശങ്കയും അവര്‍ക്കിടയിലുണ്ട്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ 5 ന് വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്ന പുതിയ പാര്‍ട്ടിയുമായി സഖ്യത്തില്‍ മത്സരിച്ചാല്‍ ജനങ്ങള്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് ബിജെപി നേതൃത്വത്തിന്റെ ഉറക്കംകെടുത്തുന്നത്.

വെള്ളാപ്പള്ളി തെറ്റുകാരനാണെങ്കിലും അല്ലെങ്കിലും അഴിമതിക്കും ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ എന്നും രൂക്ഷമായി പ്രതികരിച്ച ചരിത്രമുള്ള കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ വെള്ളാപ്പള്ളിക്കും മകനുമെതിരെ ഉയര്‍ന്നുവരുന്ന ആരോപണത്തോട് ഏതു തരത്തിലാണ് പ്രതികരിക്കുക എന്ന കാര്യത്തിലാണ് ബിജെപി നേതൃത്വത്തിന്റെ ആശങ്ക.

തദ്ദേശ തിരഞ്ഞെടുപ്പ് വിധിയെഴുത്ത് നോക്കിയതിനു ശേഷം മാത്രം ഭാവി കാര്യങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.

എസ്എന്‍ഡിപി യോഗവുമായുള്ള കൂട്ടുകെട്ടിന് മുന്‍കൈ എടുത്ത ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായെ ഇക്കാര്യം നേതാക്കള്‍ അറിയിച്ചതായാണ് സൂചന.

വെള്ളാപ്പള്ളിയെ മുന്‍നിര്‍ത്താതെ എസ്എന്‍ഡിപി യോഗഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രം സ്വീകരിക്കാനാണ് പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ ആലോചിക്കുന്നത്.

രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ബിജെപിയുമായി കൂട്ടു കൂടില്ലെന്ന് പ്രഖ്യാപനം നടത്തിയ വെള്ളാപ്പള്ളി വരുതിയില്‍ വന്നില്ലെങ്കില്‍ കേന്ദ്രഭരണ സംവിധാനമുപയോഗിച്ച് ബിജെപി സമ്മര്‍ദ്ദതന്ത്രം പയറ്റാനും സാധ്യതയുണ്ട്.

നിലവില്‍ മൈക്രോ ഫിനാന്‍സ് അഴിമതിയും ശാശ്വതീകാനന്ദയുടെ മരണവും സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്ന സ്ഥിതിക്ക് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കേസന്വേഷണം കൈമാറാന്‍ ശുപാര്‍ശ ചെയ്തില്ലെങ്കിലും കോടതി ഇടപെടല്‍ വഴി അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞാല്‍ അത് ബിജെപിക്ക് വലിയ ആയുധമാകും.

സിപിഎമ്മിന്റെയും ബിജെപിയുടെയും ഈ ഭീഷണി അതിജീവിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തുടര്‍ച്ച തന്നെയാകും വെള്ളാപ്പള്ളിയും ആഗ്രഹിക്കുന്നത്.

ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന പോലീസിലെ ഏതെങ്കിലും വിഭാഗത്തെ കൊണ്ട് അന്വേഷിപ്പിക്കാനും ഇക്കാര്യത്തില്‍ ‘സുതാര്യത’ ഉറപ്പുവരുത്താനും ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ സാധിക്കുമെന്നുറപ്പാണ്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് വെള്ളാപ്പള്ളിയുടെയും എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെയും ‘തലയിലെഴുത്തായാണ്’ മാറാന്‍ പോകുന്നത്.

Top